തീർഥാടകർക്ക് പുണ്യദർശനമേകി ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന. 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് നാളെ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദർശനത്തിനായി പതിനായിരങ്ങളാണ് ഇന്ന് സന്നിധാനത്ത് എത്തിയത്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ ദേവസ്വം പ്രതിനിധികളുടെ നേതൃത്വത്തിൽ ആദ്യ സ്വീകരണം. ആറരയോടെ വാദ്യമേളങ്ങളുടേയും കർപ്പൂരാഴിയുടേയും അകമ്പടിയോടെ പതിനെട്ടാം പടി താണ്ടി തങ്ക അങ്കി സന്നിധാനത്തെത്തി.
ശ്രീകോവിലിനുള്ളിൽ തങ്കയങ്കിയടങ്ങുന്ന പേടകം പ്രവേശിച്ചതോടെ പുണ്യദർശനത്തിനായുള്ള കാത്തിരിപ്പ്. അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.40തോടെ ദീപാരാധന
ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിലാണ് തങ്ക അങ്കി ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ചത്. ഉച്ചയ്ക്ക് തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ദീപാരാധനയ്ക്ക് ശേഷം നീക്കി. നാളെ മണ്ഡല പൂജയ്ക്ക് ശേഷം രാത്രി ഹരിവരാസനത്തോടെ നടയടയ്ക്കും.