parents-talk-to-girl-n

കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടി തസ്മീത്തുമായി വിഡിയോ കോളില്‍ സംസാരിച്ച് മാതാപിതാക്കള്‍. എന്തിനാണ് വീടുവിട്ടുപോയതെന്ന് അച്ഛന്‍ കുട്ടിയോട് ചോദിച്ചു. അമ്മ അടിച്ചതിനാലെന്ന് തസ്മീത് മറുപടി നല്‍കി. ഇനി തല്ലില്ലെന്ന് അമ്മ മകള്‍ക്ക് ഉറപ്പുനല്‍കി. മകളോട് സംസാരിക്കുന്നതിനിടെ ഇരുവരും വിതുമ്പിക്കരഞ്ഞു. 

 

ചെന്നൈ താമ്പരത്തുനിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങിയനിലയിലായിരുന്നു തസ്മീത്ത്. തങ്ങളുടെ കുട്ടിയെന്ന അവകാശവാദവുമായി ഒരു സംഘം ഒപ്പമുണ്ടായിരുന്നു. കൂടുല്‍ ചോദ്യംചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ പിന്‍മാറി. വിശാഖപട്ടണത്തെ മലയാളി കൂട്ടായ്മയാണ് ട്രെയിനില്‍ പരിശോധന നടത്തി കുട്ടിയെ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്ന കുട്ടിക്ക് കൂട്ടായ്മ ഭക്ഷണം നല്‍കി. മലയാളി സംഘം കുട്ടിയെ ആര്‍പിഎഫിനെ ഏല്‍പിച്ചു. നാളെ രാവിലെ ചൈല്‍ഡ് ലൈനിന് കൈമാറും. 37 മണിക്കൂറിനുശേഷമാണ് തസ്മീത്തിനെ കണ്ടെത്തിയത്. കേരള പൊലീസ് വിശാഖപട്ടണത്തേക്ക് ഉടന്‍ തിരിക്കും.

ചൊവ്വാഴ്ച രാവിലെ ഒന്‍പതരമുതല്‍ കഴക്കൂട്ടത്ത് നിന്ന് കാണതായ തസ്മിദ് തംസും എവിടെയന്ന ചോദ്യത്തിനാണ് 37 മണികൂറിന് ശേഷം വിശാഖപ്പട്ടണത്ത് ഉത്തരമായത്. ഇന്നലെ രാവിലെ 8ന് കഴക്കൂട്ടത്തെ വാടകവീട്ടില്‍ കുട്ടിയും സഹോദരങ്ങളും തമ്മിൽ വഴക്ക് ഉണ്ടാകുന്നു. ‌പിന്നാലെയാണ് പതിമൂന്നുകാരിയെ കാണാതാകുന്നത്. തിരുവന്തപുരത്തുനിന്നു കന്യാകുമാരിയിലും തുടർന്നു ചെന്നൈയിലും എത്തിയ പെൺകുട്ടി ബംഗാളിലേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. 

 

നെയ്യാറ്റിന്‍കര സ്വദേശി ബബിത ഇന്നലെ കുട്ടിയെ ട്രെയിനില്‍ കണ്ടെതായി ഇന്ന് പുലര്‍ച്ചെ ഫോട്ടോ സഹിതം കഴക്കൂട്ടം പൊലീസിനെ അറിയിച്ചതോടെ രാവിലെ തന്നെ പൊലീസ് സംഘം കന്യാകുമാരിയിലെത്തി. നാഗര്‍കോവിലില്‍ കുട്ടിയിറങ്ങിയതായുള്ള സംശയത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഐലന്‍റ് എക്സ്പ്രസില്‍ നിന്നും പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ കുട്ടി വെള്ളമെടുത്ത ശേഷം തിരികെ ട്രെയിനില്‍ കയറിയെന്ന നിര്‍ണായ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചത്. കന്യാകുമാരിയില്‍ ഈ ട്രെയിന് യാത്ര അവസാനിപ്പിച്ചപ്പോള്‍ കുട്ടി ട്രെയിന്‍ മാറിക്കയറിയില്ല. കന്യാകുമാരി സ്റ്റേഷനില്‍ നിന്നും  വെള്ളമെടുത്തശേഷം അതേ ട്രെയിനില്‍ കുട്ടി തിരിച്ചുകയറി. കുട്ടി എത്തിയ ഐലന്റ് എക്സ്പ്രസ് 5.50ന് കന്യാകുമാരി എക്സ്പ്രസായി  ചെന്നൈ എഗ്മോറിലേക്ക് പോയി. ഇതിനിടെ, കുട്ടിയെ ഐലന്‍റ് എക്സ്പ്രസില്‍ കണ്ടെന്ന് ശുചീകരണ തൊഴിലാളി മൊഴി നല്‍കി. കുട്ടി പലതവണ ട്രെയിനില്‍ കയറുകയും ഇറങ്ങുകയും ചെയ്തുവെന്നും മൊഴി വ്യക്തമാക്കുന്നു. പ്രത്യേക പൊലീസ് സംഘം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇപ്പോൾ ആശ്വാസ വാർത്ത എത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Parents talk to missing girl Tasmeet on video call