ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഒരു നടപടിയുമെടുക്കാതെ മുന്നോട്ടുപോകുന്നു സര്‍ക്കാര്‍. എന്തിനും മടിയില്ലാത്ത പവര്‍ഗ്രൂപ്പിനെതിരെ സ്വന്തം ജീവന്‍പോലും പണയംവച്ച് മൊഴി നല്‍കിയവരോട് പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെടുന്നു മുഖ്യമന്ത്രിയും സിനിമാ മന്ത്രിയും. അതിനിടയിലാണ്, ബംഗാളി നടി ശ്രീലേഖ മിത്ര, വളരെ വ്യക്തമായി, സംവിധായകന്‍ രഞ്ജിത്തില്‍നിന്നും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. അപ്പോഴും പറയുന്നു പരാതി നല്‍കട്ടെയെന്ന്. രാജ്യം ആദരിക്കുന്ന മഹാനായ കലാകാരനാണ് രഞ്ജിത്തെന്ന സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട് മന്ത്രി. വിമര്‍ശനം കടുത്തതോടെ നടിയില്‍നിന്ന് പരാതി വാങ്ങാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ നിലപാട് മാറ്റിയിട്ടുണ്ട്.. സ്ത്രീപക്ഷ സര്‍ക്കാരെന്ന വീമ്പിളക്കലിനപ്പുറം ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനാവുന്നുണ്ടോ? ആരോപണവിധേയരെയും കുറ്റവാളികളെയും സംരക്ഷിക്കുന്നതിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമെന്താണ്? ഇടതുസര്‍ക്കാരില്‍ ഇരകള്‍ക്ക് നീതിയില്ലേ?