ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യയ്ക്ക് വൻ ഭക്തജന തിരക്ക്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കുറി അഷ്ടമി രോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. 52 കരകളിലെയും തുഴച്ചിൽക്കാരും ഭക്തജനങ്ങളും സദ്യയിൽ പങ്കെടുത്തു.
ഉദ്ഘാടകൻ അടക്കമുള്ള വിശിഷ്ട അതിഥികളെ വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. നിലവിളക്ക് തെളിച്ച ശേഷം ആനക്കൊട്ടിലിൽ ഭഗവാനെ സങ്കൽപ്പിച്ച് ആദ്യ ഇലയിട്ട് സദ്യ വിളമ്പി. തുടർന്ന് ഓരോ പള്ളിയോടങ്ങളും ക്ഷേത്രക്കടവിലടുത്തു. കൃഷ്ണ വേഷമിട്ട കുട്ടികളുടെ അകമ്പടിയോടെ വഞ്ചിപ്പാട്ടുമായി ഓരോ കരക്കാരും ക്ഷേത്രനടയിലെത്തി ഭഗവാനെ പാടി സ്തുതിച്ചു.
എല്ലാ പള്ളിയോടക്കരകൾക്കും സദ്യക്കുള്ള ക്രമീകരണം ക്ഷേത്രവളപ്പിൽ തന്നെ ഒരുക്കിയിരുന്നു. ഉദ്ഘാടകനായ സുരേഷ് ഗോപി രാവിലെ തന്നെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിച്ചു. പലവട്ടം വള്ളസദ്യ വഴിപാട് നടത്തുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അഷ്ടമിരോഹിണിക്ക് എത്തുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.
കൃഷ്ണ വേഷത്തിലെത്തിയ കുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കാനും സുരേഷ് ഗോപി മറന്നില്ല. ഭഗവാന് നേദിച്ച സദ്യയുടെ പങ്കുമായാണ് സുരേഷ് ഗോപി ഊട്ടുപുരയിലേക്ക് പോയത്. ഭഗവാൻ ശ്രീകൃഷ്ണനും ഭക്തജനങ്ങൾക്കൊപ്പം സദ്യ കഴിക്കുന്നു എന്നാണ് അഷ്ടമി രോഹിണി സദ്യ ദിവസത്തെ വിശ്വാസം. മുൻ വർഷങ്ങളേക്കാളും തിരക്കായിരുന്നു ഇക്കുറി അഷ്ടമി രോഹിണി ദിനത്തിൽ