കോട്ടയം കാഞ്ഞിരം സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപക പ്രതിഷേധം. ചിട്ടി , സ്ഥിരനിക്ഷേപം എന്നിവയുടെ പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതി ഉയർത്തിയാണ് സമരം. സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോഴുള്ളത് താൽക്കാലിക പ്രതിസന്ധി ആണെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും ബാങ്ക് ഭരണസമിതി പ്രതികരിച്ചു.
കാഞ്ഞിരം 433 ആം നമ്പർ സർവീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കാണ്.സാധാരണക്കാരും കർഷകരും ആണ് കൂടുതലും ഇടപാടുകാർ. പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലാണ് ഭരണസമിതി.കുറച്ചുകാലമായി നിക്ഷേപവും ചിട്ടി പിടിച്ച തുകയും തിരികെ ലഭിക്കാത്തതാണ് നിക്ഷേപരെ വലയ്ക്കുന്നത്.
സഹകരണ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട ബാങ്കിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് നിക്ഷേപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.എന്നാൽ ബാങ്കിൻറെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു . 3 കോടിയോളം ബാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമം ശക്തമാക്കി.ഉടൻ നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്നും ഭരണസമിതി പ്രതികരിച്ചു.