ഓണം കഴിഞ്ഞിട്ടും വാക്ക് പറഞ്ഞ 10 ശതമാനം തുക പോലും നല്‍കാതെ നിക്ഷേപകരെ പെരുവഴിയിലാക്കി തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്ക്. വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള തുക പോലും ബാങ്കിലില്ലെന്ന് നിക്ഷേപകരോട് പ്രസിഡന്‍റിന്റെ ന്യായീകരണം. പണം കിട്ടാതായതോടെ മന്ത്രി വി.ശിവന്‍കുട്ടിയുടെ മണ്ഡലത്തിലെ സിപിഎം ഭരണസമിതിയുള്ള ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം.
നിക്ഷേപിച്ച തുക ആവശ്യപ്പെട്ട് നേമം സഹകരണ ബാങ്കിലെത്തിയ നിക്ഷേപകരോട് ബാങ്ക് അധികാരികള്‍ ആദ്യം പറഞ്ഞത് ഓണത്തിനു ശേഷം ഗഡുക്കളായി നല്‍കുമെന്നാണ് . പറഞ്ഞതു വിശ്വസിച്ച് രാവിലെ ബാങ്കിലെത്തിയപ്പോള്‍ അധികാരികള്‍ കൈമലര്‍ത്തി. മന്ത്രി വി.ശിവന്‍കുട്ടിയുടെ മണ്ഡലമായിട്ടും ഇടപെടലുണ്ടാവുന്നില്ലെന്നാണ് സഹകാരികളുടെ ആരോപണം.