noufal

ഉരുൾപൊട്ടലിൽ കുടുംബത്തിലെ 11 പേരെ നഷ്ടമായ ചൂരൽമല സ്വദേശി നൗഫലിനെ ഞങ്ങള്‍ വീണ്ടും കണ്ടു. ജീവിതം ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്ക ആ മുഖത്ത് നിഴലിച്ചുകണ്ടു. സുഹൃത്തുക്കളും നാടും ഒന്നാകെ ഒപ്പം നിൽക്കുന്നുണ്ടെങ്കിലും, സങ്കടക്കടലിൽ നിന്ന് കരകയറാൻ ആകുന്നില്ല ഈ മനുഷ്യന്. 

ഉരുൾപൊട്ടൽ വിവരമറിഞ്ഞ് ഒമാനിൽ നിന്ന് നൗഫൽ ഓടിയെത്തിയപ്പോൾ കണ്ടത് വീടിനു പകരം ഒരു കൽക്കെട്ട് മാത്രം. ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനും അടക്കം 11 പേരെ ഉരുൾ കൊണ്ടുപോയത് എങ്ങനെ സഹിക്കാനാകും. 

 

ആ മനുഷ്യനെ ഒരിക്കൽ കൂടി കണ്ടു. പുത്തുമലയിൽ എത്തിയതായിരുന്നു. ഉറ്റവരുടെ കബറിടത്തിൽ ഏറെനേരം പ്രാർത്ഥിച്ചു. കൂടുതൽ നേരം നിന്നത് മകളുടെ കബറിടത്തിൽ. അതിനൊരു കാരണവും ഉണ്ട്. ബെയ്‌ലി പാലവും കടന്ന് കുറച്ച് ദൂരമേ നടക്കാനായുള്ളൂ. അതിനപ്പുറം കാണാൻ വയ്യ. പ്രവാസ ലോകത്ത് അത്രയേറെ ചേർത്തുപിടിച്ച സ്വന്തം നാടിനെ ഈ നിലയിൽ കാണുന്നതെങ്ങനെ. 

എത്രയും വേഗം വിദേശത്തേക്ക് തിരിച്ചു പോകാൻ ആയിരുന്നു ആദ്യം ചിന്തിച്ചത് എങ്കിലും ഇപ്പോൾ അങ്ങനെയല്ല. ഇനി ആർക്കുവേണ്ടിയാണ് സമ്പാദിക്കുന്നത് എന്നാണ് നൗഫലിന്റെ ചോദ്യം. അതിനാൽ തന്നെ നാട്ടിൽ എന്തെങ്കിലും ചെറിയ കച്ചവടം തുടങ്ങി ഇവിടെത്തന്നെ കൂടാമെന്ന് കരുതുന്നുണ്ടെങ്കിലും കയ്യിൽ ഒരു രൂപ പോലും എടുക്കാൻ ഇല്ല. സുമനസ്സുകളുടെ കനിവുണ്ടായാൽ ഒരു കച്ചവടം തട്ടിക്കൂട്ടാൻ കഴിയുമെന്ന് നൗഫൽ കരുതുന്നു. മേപ്പാടിയിലെ വാടക ക്വാർട്ടേഴ്സിൽ ആണ് നൗഫലിപ്പോൾ. 

ENGLISH SUMMARY:

Life is a question mark in front of Churalmala native Naufal who lost 11 members of his family in the landslide