കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഡസ്‌ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപനം പാലക്കാട്ടെ വ്യവസായ കുതിപ്പിന് കരുത്ത് പകരും. ബെംഗലൂരു കൊച്ചി വ്യവസായ ഇടനാഴിയിലെ നിക്ഷേപ സൗഹൃദാന്തരീക്ഷവും ഉയരും. കഞ്ചിക്കോട്ടെ വ്യവസായ കേന്ദ്രത്തിന്റെ പരിസരവും കണ്ണമ്പ്ര വ്യവസായ പാര്‍ക്കിനായി കണ്ടെത്തിയിട്ടുള്ള സ്ഥലവും പദ്ധതിക്കായി പ്രയോജനപ്പെടുത്താം.
മൂവായിരത്തി എണ്ണൂറ്റി ആറ് കോടി മുതല്‍മുടക്ക്. അന്‍പത്തി ഒന്നായിരത്തിലേറെ ആളുകള്‍ക്ക് നേരിട്ട് തൊഴിലവസരം. കഞ്ചിക്കോട് വ്യവസായ പാര്‍ക്കിന് പിന്നാലെ ബെംഗലൂര്‍ കൊച്ചി വ്യവസായ ഇടനാഴിയില്‍പ്പെടുന്ന സ്ഥലമായതിനാല്‍ അവസരങ്ങളും നിക്ഷേപങ്ങളുടെയും വാതായാനം കൂടുതല്‍ തുറക്കും. കഞ്ചിക്കോട് വ്യവസായ മേഖല ഉള്‍പ്പെടുന്ന പുതുശ്ശേരിയിലും കണ്ണമ്പ്രയിലും എണ്‍പത് ശതമാനത്തിലേറെ ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ട‌്.
ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി ചര്‍ച്ചയാവുമ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്രം പ്രഖ്യാപിച്ച മറ്റൊരു സ്വപ്ന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി കാട് മൂടുന്നതിലും ആശങ്കയുണ്ട്. അടിസ്ഥാന സൗകര്യം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാവുമ്പോള്‍ ഭൂമിയേറ്റെടുത്തതിനാല്‍ ആദ്യ കടമ്പ നീങ്ങിയെന്നാണ് വിലയിരുത്തല്‍.