ലൈംഗികാരോപണത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കി, എം.മുകേഷ് എംഎല്‍എയ്ക്കെതിരെ ബലാല്‍സംഗത്തിന് കേസ്. നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുകേഷിനെതിരെ കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. അന്വേഷണ സംഘത്തിന് ശാസ്ത്രീയ തെളിവുകള്‍ കൈമാറുമെന്ന് പരാതിക്കാരി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷ് കടുത്ത പ്രതിരോധത്തിലാണ്. പത്ത് മണിക്കൂറിലേറെ സമയമെടുത്താണ് അന്വേഷണ സംഘം പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. പിന്നാലെ കൊച്ചി മരട് പൊലീസ് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസെടുത്തതില്‍ സന്തോഷമെന്നും, അന്വേഷണ സംഘത്തിന് ശാസ്ത്രീയ തെളിവുകള്‍ കൈമാറുമെന്നും പരാതിക്കാരി വ്യക്തമാക്കി.
അമ്മയില്‍ അംഗത്വവും സിനിമയില്‍ അവസരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുകേഷിനെതിരെ നടി നല്‍കിയ പരാതി. നടന്മാർക്ക് വഴങ്ങാത്തതിന്‍റെ പേരിൽ സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്നും നടി ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ നടിയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.