ഉരുള്‍പൊട്ടലുണ്ടായി ഒരു മാസമാകുമ്പോഴും ആ ദുരന്തരാത്രിയുടെ ആഘാതത്തില്‍നിന്ന് വിലങ്ങാടുകാർ ഇനിയും മോചിതരായിട്ടില്ല. ഏക്കറുകണക്കിന് കൃഷി ഭൂമിയാണ് ഉരുള്‍ കവര്‍ന്നെടുത്തത്. എത്രകോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നോ നഷ്ടപരിഹാരം എങ്ങനെ കിട്ടുമെന്നോ ഇപ്പോഴും ആര്‍ക്കും അറിയില്ല. നഷ്ടപ്പെട്ട ജീവിതങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരു സഹായഹസ്തവും വിലങ്ങാട്ടേക്ക് നീളുന്നുമില്ല.
കർഷകരുടെ മണ്ണായിരുന്നു വിലങ്ങാട്, കാടിനോടും കാട്ട് മൃഗങ്ങളോടും മല്ലടിച്ച് മലന്‍ചെരുവുകളില്‍ ജീവിതം വിളയിച്ചവർ. ഒറ്റ രാത്രികൊണ്ട് അവർക്ക് നഷ്ടമായത് തലമുറകള്‍ വിയർപ്പൊഴുക്കി പാകപ്പെടുത്തി എടുത്ത ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ്. എപ്പോള്‍ വേണമെങ്കിലും മലവെളം ഒലിച്ചിറങ്ങാമെന്നും വാസയോഗ്യമല്ലെന്നും അധികൃതർ പറയുമ്പോള്‍ ഇനി ജീവിതം എവിടെ കരുപിടിക്കും ആശങ്കയിലാണ് ഇവിടുത്തുകാര്‍.
സമാനതകളില്ലാത്ത പ്രകൃതി ദുരന്തമാണ് വിലങ്ങാട് ഉണ്ടായത് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിടും ആ ഗൌരവത്തോടെ ഒരു ഇടപ്പെടലും ഭരണക്കൂടത്തിന്‍റെ ഭാഗത്ത് നിന്നും ഇവിടെ ഉണ്ടായിട്ടില്ല. നഷ്ടങ്ങളുടെ കണക്കെടുപ്പ് എവിടെയും എത്തിയിട്ടില്ല. പുനരധിവാസത്തെക്കുറിത്ത് ആലോചിച്ച് തുടങ്ങിയിട്ട് പോലുമില്ല.
കോഴിക്കോടിന്‍റെ കിഴക്കേ അറ്റത്ത് മൂന്ന്ഭാഗം വനത്തോട് ചുറ്റപ്പെട്ട് നീരുറവകളാല്‍ സമൃദ്ധമായ ഭൂമിയായിരുന്നു വിലങ്ങാട്. എന്നാല്‍ ഉരുള്‍പൊട്ടലില്‍ ജലസ്രോതസുകള്‍ തകർന്നു. ഉരുള്‍ബാക്കി വെച്ച ഭൂമിയില്‍ ഇനി കൃഷി സാധ്യമാണോ എന്ന് പോലും നാട്ടുകാർക്ക് അറയില്ല. നഷ്ടങ്ങള്‍ കൃത്യമായി വിലിയിരുത്തിയുള്ള സമഗ്രമായൊരു പുനരധിവാസ പാക്കേജാണ് വിലങ്ങാടിന് ആവശ്യം. പരിഹാരഹങ്ങള്‍ ഒന്നും കാണാതെ ഭൂമി വിട്ടുപോകണമെന്ന അറിയിപ്പുകൊണ്ടുമാത്രം ഇവിടുത്തെ മുറിവുകള്‍ ഉണങ്ങില്ല.