wayanad-disaster

കൂട്ടത്തോടെ ജീവനെടുത്ത മഹാദുരന്തം മറവിയിലേക്ക് തള്ളി, നഷ്ടപ്പെട്ട മണ്ണും മനസും വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തില്‍ വയനാട്. ദുരന്തമുണ്ടായി ഒരുമാസം പിന്നിടുമ്പോള്‍ ക്യാംപില്‍ കഴിഞ്ഞവരെയെല്ലാം വാടക വീടുകളിലേക്ക് മാറ്റാനായതും അക്ഷരമുറ്റങ്ങള്‍ തുറന്നതും അതിജീവനപാതയിലെ നേട്ടങ്ങളാണ്. അപ്പോഴും ഉരുള്‍പൊട്ടലിന്‍റെ അവശിഷ്ടങ്ങള്‍ നിസഹായതയുടെ അടയാളങ്ങളായി ദുരന്തഭൂമിയില്‍ ഇപ്പോഴുമുണ്ട്. 

ഓരോ രാത്രി ഇരുട്ടിവെളുക്കുമ്പോഴും ഈ മരണത്താഴ്വര വിജനമാണ് ആര്‍ത്തലച്ചുവന്ന ഉരുളിന്‍റെ മുഴക്കം ഇപ്പോഴും കേള്‍ക്കാം. മണ്ണിനടിയില്‍ നിന്ന് നിശബ്ദമായ നിലവിളികളും ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമൊന്നും അധികമാളുകള്‍ ഇപ്പോള്‍ വരാറില്ല. അടയാളക്കല്ലുകള്‍ക്കടിയില്‍ ഉറ്റവരെ തിരയുകയാണ് പലരുമിപ്പോള്‍.

‌‌

ആ രാത്രി ആരും മറന്നിട്ടുണ്ടാവില്ല. തുടര്‍ച്ചയായി പൊട്ടിയ ഉരുളില്‍ നാടൊന്നാകെ തൂത്തെറിയപ്പെട്ട ആ രാത്രി ‌മുറുക്കെപ്പിടിച്ച കൈകളില്‍ നിന്ന് ഉറ്റവര്‍ ഊര്‍ന്നുപോയ നിമിഷങ്ങള്‍. ജാതിയോ മതമോ നിറമോ നോക്കാതെ ഒരു മനസായി ജീവിച്ചിരുന്നവര്‍. ഭൂരിഭാഗം പേരേയും മരണം കൊണ്ടുപോയി. ആര്‍ത്തലച്ചുവച്ച മലവെള്ളപ്പാച്ചിലില്‍ വീടുകളും കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. ശേഷിപ്പായി വെള്ളരിമല സ്കൂള്‍‌ കെട്ടിടം മാത്രം.

വെളുക്കുമ്പോഴേക്കും കേരളം കൈകോര്‍ത്തിറങ്ങിക്കഴിഞ്ഞിരുന്നു. മണ്ണിലും ചെളിയിലും ഊര്‍ന്നുപോകാത്ത ആത്മധൈര്യത്തോടെ സൈന്യമടക്കമക്കുള്ള ദൗത്യസംഘങ്ങള്‍. ഒറ്റപ്പെട്ടവര്‍ക്ക് മുന്നില്‍ ദിവസങ്ങള്‍ക്ക് മുന്നില്‍ അവര്‍ അതിജീവനത്തിന്റ പാലം തീര്‍ത്തു.  ഒറ്റപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാനെത്തിയവരുടെ എണ്ണം നിരവധിയാണ്.

 

ഒരു മാസം പിന്നിടുമ്പോഴും എത്രപേര്‍ മരിച്ചുവെന്ന കൃത്യമായി കണക്ക് പറയാനാകാത്തത് ദുരന്തത്തിന്റ ആഴം വ്യക്തമാക്കുന്നു.   നൂറോളം പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. തിരിച്ചറിയാനാകാതെ സംസ്കരിച്ച ശരീരഭാഗങ്ങള്‍ ഡി എന്‍.എ പരിശോധനയിലൂടെ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

ബന്ധുക്കളുടെ ആവശ്യപ്രകാരം മാത്രമാണിപ്പോള്‍ തിരച്ചില്‍.ക്യാംപുകളില്‍ കഴിഞ്ഞവരെല്ലാം വാടകവീടുകളിലേക്ക് മാറിക്കഴിഞ്ഞു. പലരും പലയിടങ്ങളിലായി ചിതറപ്പെട്ട അവസ്ഥയില്‍.ജീവിച്ച മണ്ണിലേക്ക് ഇനിയൊരു തിരിച്ചുവരവില്ല.സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലത്താവും ശേഷിക്കുന്ന കാലം. പക്ഷെ ഒരു കുടുംബമായി മനസായി കഴിഞ്ഞൊരു ജനതയെ അതുപോലെ പുനരാവിഷ്കരിച്ചേ മതിയാകു.