mr-ajithkumar-042

സ്വര്‍ണക്കടത്ത് ഉള്‍പ്പടെ ഗുരുതര ആരോപണങ്ങള്‍ നേരിട്ട എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും സംരക്ഷിച്ച് മുഖ്യമന്ത്രി. ഡിജിപിയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് തീരുമാനം. എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തില്‍ എ.ഡി.ജി.പി നല്‍കിയ പരാതിയും പരിഗണിക്കും. എം.ആര്‍.അജിത്കുമാറിന്റെ പരാതി പരിഗണിക്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് ഇറങ്ങി. പി.വി.അന്‍വര്‍ 23 ാം തീയതി മലപ്പുറം എസ്.പിക്ക് നല്‍കിയ പരാതിയാകും പ്രധാനമായി പരിഗണിക്കുക. പിന്നീട് നടത്തിയ ആക്ഷേപങ്ങളും അന്വേഷിക്കും. 

 

എസ്.പി. സുജിത്ത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. എസ്.പി. സുജിത്ത് ദാസിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസുകള്‍ പരിശോധിക്കും. സുജിത് ദാസ് സ്വര്‍ണം കടത്തുന്നുെവന്ന പി.വി. അന്‍വറിന്‍റെ ആരോപണത്തിന് പിന്നാലെയാണ് നടപടി.

അതേസമയം, ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയെ കാണും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച.   എഡിജിപി എം.ആര്‍ അജിത് കുമാര്‍ അടക്കമുള്ളവരെ മാറ്റി നിര്‍ത്തി ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് അന്‍വറിന്റെ ആവശ്യം. അതിനിടെ, മലപ്പുറം എസ്.പി ഓഫീസിലെ വിവാദ മരംമുറി കേസിൽ  ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സുജിത് ദാസിനെതിരെയുള്ള മരംമുറിയും പി വി അൻവറിന്റെ വെളിപ്പെടുത്തലുകളും വിവാദമായതിന് പിന്നാലെയാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. എടവണ്ണയിലെ റിദാന്‍ ബാസിലിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു

ENGLISH SUMMARY:

ADGP Ajith Kumar kerala police investigation pv anvar cm pinarayi vijayan