Photo Credit; Facebook

Photo Credit; Facebook

TOPICS COVERED

എഡിജിപി എംആർ അജിത് കുമാറിനും എസ്പി സുജിത് ദാസിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ തോക്ക് ലൈസൻസിന് കലക്ടർക്ക് അപേക്ഷ നൽകി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. ജില്ലാ കലക്ടർക്ക് എം.എൽ.എയുടെ ലെറ്റർപാഡിലാണ് അൻവർ അപേക്ഷ നൽകിയത്. നിലവിൽ എംഎൽഎയ്ക്ക് ഗൺമാൻറെ സേവനമുണ്ട്.

ഗൺമാൻ ഉണ്ടായിട്ടും തോക്കിൻറെ ആവശ്യമുണടോ എന്ന ചോദ്യത്തിന് തോക്ക് കിട്ടിയാൽ മതി ബാക്കി കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്തോളാം എന്നായിരുന്നു അൻവറിന്റെ മറുപടി. മുഖ്യമന്ത്രി ആഭ്യന്തര വുകുപ്പ് ഭരിക്കുന്ന നാട്ടിൽ ഭരണപക്ഷ എംഎൽഎ അടക്കം ജീവിക്കാൻ തോക്കെടുക്കേണ്ട സ്ഥിതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

എഡിജിപി എം.ആർ.അജിത് കുമാറിൻറെ പ്രവർത്തനം ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണെന്നും സൈബർ സെൽ പ്രവർത്തിക്കുന്നത് ക്രൈം കണ്ടുപിടിക്കാനല്ലെന്നും മന്ത്രിമാരുടെയും നേതാക്കളുടെയും കോളുകൾ ചോർത്താനാണെന്നും അൻവർ ആരോപിച്ചിരുന്നു. അജിത് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നത് വൻ അഴിമതിയാണെന്നും അൻവർ പറഞ്ഞിരുന്നു. അജിത്കുമാർ കവടിയാറിൽ കൊട്ടാരം നിർമിക്കുകയാണെന്നും പി.വി. അൻവർ ആരോപിക്കുന്നു. 

അജിത്കുമാർ കവടിയാർ കൊട്ടാരത്തിനടുത്ത് വൻവിലയ്ക്ക് സ്ഥലം വാങ്ങി. 75 ലക്ഷം രൂപയാണ് ആ പ്രദേശത്ത് സെൻറിന് വില. 10 സെൻറ് അജിത്കുമാറിൻറെ പേരിൽ. 12 സെൻറ് അളിയൻറെ പേരിൽ. 12,000 സ്ക്വയർ ഫീറ്റുള്ള വീടാണ് അജിത്കുമാർ ആ സ്ഥലത്ത് നിർമിക്കുന്നതെന്നുമായിരുന്നു ആരോപണം. എസ്.പി സുജിത് ദാസ് ഐപിഎസ് കിട്ടുന്നതിന് മുൻപ് കസ്റ്റംസിലായിരുന്നുവെന്നും അന്ന് സ്വർണക്കടത്തിന് കൂട്ട് നിന്നുവെന്നുമാണ് പി.വി.അൻവറിന്റെ ആരോപണം.