കുരുന്നുകളുടെ അധ്വാനത്തില്‍ വിരിഞ്ഞ പൂക്കള്‍ക്ക് നിറവും മണവും വേണ്ടുവോളം. പാലക്കാട് പുഞ്ചപ്പാടം എ.യു.പി സ്കൂളിലെ കുട്ടികളാണ് പഠനത്തിനൊപ്പം കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചത്. 75 സെന്‍റ് ഭൂമിയില്‍ നിലമൊരുക്കുന്നതില്‍ തുടങ്ങി വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കുട്ടികളായിരുന്നു മുന്നില്‍.
ഓരോ നോട്ടത്തിലും പൂക്കള്‍ക്ക് ചന്തമേറുന്ന പോലെ. കുട്ടികള്‍ കളിച്ചും ചിരിച്ചും സമര്‍പ്പണത്തിന്റെ തടങ്ങളില്‍ വിരിയിച്ചെടുത്ത പൂക്കളാവുമ്പോള്‍ ചന്തം ഇതിനപ്പുറമായാലും അതിശയം വേണ്ട. നിലമൊരുക്കല്‍, കീടബാധ ഒഴിവാക്കല്‍, കളപറിക്കല്‍, വള പ്രയോഗം എന്നിവയെല്ലാം കുരുന്നുകളുടെ നേതൃത്വത്തിലായിരുന്നു. ഒടുവില്‍ മഞ്ഞ, ഓറഞ്ച് നിറങ്ങളില്‍ വര്‍ണവസന്തം നിറഞ്ഞു.
കര്‍ഷകനും മുന്‍ പ്രധാനാധ്യാപകനുമായ കെ.പി.ശ്രീനിവാസന്‍ സൗജന്യമായി നല്‍കിയ എഴുപത്തി അഞ്ച് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. അധ്യാപകരും രക്ഷിതാക്കളും ശ്രീകൃഷ്ണപുരം പഞ്ചായത്തും കുരുന്നുകളുടെ കൃഷിപാഠത്തിന് കരുത്തായി മാറി.