ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന വീട്ടമ്മയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും ക്രിമിനല്‍ ഗൂഢാലോചനയെന്നും താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി. പരാതിക്കാരിയെ ഒരു മുന്‍പരിചയവുമില്ല. മുട്ടില്‍ മരംമുറിക്കേസിലെ വിരോധമാണ് ആരോപണത്തിന് പിന്നിലെന്നും ബെന്നി മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, എസ്.പി. സുജിത് ദാസ് ബലാല്‍സംഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി വീട്ടമ്മ രംഗത്തെത്തി. പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദും ബലാല്‍സംഗം ചെയ്തു. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുമായെത്തിയപ്പോഴാണ് പൊലീസുകാര്‍ കൈമാറി പീഡിപ്പിച്ചത്. ഡിവൈഎസ്പി ബെന്നി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.
പൊലീസുകാര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് പറഞ്ഞു. ബലാല്‍സംഗപരാതിയുമാണ് ഈ സ്ത്രീ എത്തിയത്. പരാതി കളവാണെന്ന് കണ്ടെത്തിയെന്നും സുജിത് ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു. സിവിലും ക്രിമിനലുമായ നിയമനടപടിയുമായി മുന്നോട്ടു പോകും. ഓഫീസില്‍ വച്ചല്ലാതെ പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.