red-army

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ചയാക്കണമെന്ന ആഹ്വാനവുമായി പി. ജയരാജന്റെ അനുയായികള്‍.  സിപിഎം സംസ്ഥാനസമിതി അംഗം പി. ജയരാജനുവേണ്ടി സമൂഹമാധ്യമങ്ങളില്‍ ശബ്ദമുയര്‍ത്തുന്നവരുടെ കൂട്ടായ്മയായ റെഡ് ആര്‍മിയാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് പുഴുക്കുത്തുകളായ ശശിമാരെക്കുറിച്ചാണെന്ന് നിര്‍ദേശിച്ചത്. 

സര്‍ക്കാരിനെയും പാര്‍ട്ടിയെയും ജനങ്ങള്‍ക്കു മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗവഞ്ചകരെ ഒരു കാരണവശാലും സ്ഥാനത്തു തുടരാനോ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കാനോ പാടില്ലെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങിത്തിരിച്ച പൊലീസ് ക്രിമിനലെന്നാണ് എഡിജിപി എം ആര്‍ അജിത്കുമാറിനെ വിശേഷിപ്പിക്കുന്നത്. 

സഖാക്കളെ തെരുവിലും പൊലീസ് സ്റ്റേഷനുകളിലും തല്ലിച്ചതക്കാനും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനും പൊലീസിനു സ്വാതന്ത്ര്യം നല്‍കിയത് ശശിയാണ്. രക്തസാക്ഷികളുടെ ചോരകൊണ്ട് തുടുത്ത പാര്‍ട്ടിക്കു കളങ്കമേല്‍പ്പിക്കുന്നവര്‍ ആരായാലും വച്ചുപൊറുപ്പിക്കരുത്. തുടര്‍ച്ചയായ അധികാരത്തിന്റെ സുഖലോലുപതയില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും വ്യതിചലിച്ചുപോയോ എന്ന് പരിശോധിക്കണമെന്നും റെഡ് ആര്‍മി ആവശ്യപ്പെടുന്നു. 

പാര്‍ട്ടി അംഗത്വമില്ലാത്ത പി. വി. അന്‍വര്‍ വിപ്ലവമാതൃക ആണ്.ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണെന്ന് ഓര്‍ക്കണമെന്നും പി. ജയരാജന്റെ അനുയായികള്‍ ആവശ്യപ്പെടുന്നു.നേരത്തേ ഉണ്ടായിരുന്ന പി ജെ ആര്‍മിയെന്ന സമൂഹമാധ്യമകൂട്ടായ്മയാണ് പേരുമാറ്റി റെഡ് ആര്‍മി ആയത്. വ്യക്തിപൂജാ വിവാദത്തില്‍ പി. ജയരാജന്‍ പാര്‍ട്ടി നടപടി നേരിട്ടപ്പോഴായിരുന്നു പേരുമാറ്റിയത്. 

Followers of Jayarajan, Red Army against P Sasi:

Followers of Jayarajan, Red Army against P Sasi . The Red Army, a group of social media advocates for Jayarajan, suggested that the discussion in the branch meetings should be about this type of criminals.