പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾ ഉൾപ്പെടെയുള്ളവർക്കായി നിയമപോരാട്ടത്തിന് പണം പിരിക്കാൻ സിപിഎം. പാർട്ടി മെമ്പർമാരിൽനിന്നും 500 രൂപ വീതം പിരിച്ച് 2 കോടി സമാഹരിക്കാനാണ് പാർട്ടി തീരുമാനം. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പിരിവ്. എന്നാൽ ജില്ലാ സമ്മേളത്തിന്റെ ഭാഗമായാണ് പണപ്പിരിവെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ജില്ലയിൽ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. ഒരംഗം കുറഞ്ഞത് 500 രൂപ നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളവും നൽകണം. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചാണ് പണപിരിവ്. ഈ മാസം 20 നകം പണം ജില്ലാ കമ്മിറ്റിക്ക് കൈമാറണം. എന്നാൽ പിരിവ് ജില്ലാ സമ്മേളത്തിന് വേണ്ടിയാണെന്നാണ് പാർട്ടിയുടെ വിശദീകരണം.പെരിയ കേസിലെ പ്രതികളെ സംരക്ഷിക്കുമെന്നത് പാർട്ടി നിലപാട് ആണെന്നും, അതിനായി പണം കണ്ടെത്തുമെന്നും ജില്ലാ സെക്രട്ടറി.
സിപിഎം നേതൃത്വം എതിരാളികളെ കൊലപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രോത്സാഹനം നൽകുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പെരിയ കേസിന് വേണ്ടി രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്. 2021ൽ ജില്ലാ കമ്മിറ്റി ഓഫിസിന്റെ നിർമാണത്തിനെന്ന പേരിലാണ് പണം പിരിച്ചത്.