jenson-die

TOPICS COVERED

പ്രാർഥനകൾ വിഫലമായി, ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി. വെള്ളാരംകുന്നില്‍ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്ന അമ്പലവയൽ സ്വദേശി ജെൻസൺ മരണത്തിന് കീഴടങ്ങി. ഓണത്തിനു ശേഷം വിവാഹം നടക്കാനിരിക്കെയാണ് തീരാനോവ് നൽകിയുള്ള മടക്കം..

 

എപ്പോഴും കൂടെയുണ്ടാകും, ഇനിയൊരു ദുരന്തത്തിനും വിട്ടു കൊടുക്കില്ലെന്ന് അന്ന് ശ്രുതിയെ ചേർത്ത് പിടിച്ച് ജെൻസൺ മനോരമ ന്യൂസിനോട് പറഞ്ഞതാണ്. പക്ഷെ വിധി അതിനു സമ്മതിച്ചില്ല. ഇന്നലെയുണ്ടായ വാഹനാപകടം പിന്നെയും ശ്രുതിയെ കണ്ണീരിലാഴ്ത്തി, ഒറ്റക്കാക്കി ജെൻസൻ മടങ്ങി. മഹാ ദുരന്തത്തിൽ അഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതു പേരെ ശ്രുതിക്ക് നഷ്ടപ്പെട്ടതാണ്. ജീവിതത്തിലേക്ക് തിരികെ വരാനുള്ള പ്രതീക്ഷയുടെ ഏക കിരണം ജെൻസണായിരുന്നു. ഒടുവിൽ വിധി അതും തട്ടിയെടുത്തു

പത്തു വർഷത്തെ പ്രണയമായിരുന്നു ഇരുവരുടേയും. ദുരന്തത്തിനും ഒരു മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ദിവസങ്ങളെണ്ണി കാത്തിരുന്ന ആ മനോഹര നിമിഷത്തിന് ആദ്യം ഉരുൾപെട്ടലും പിന്നെ വാഹനാപകടവും വില്ലനായി . തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 8.55 ഓടെ മരണം സംഭവിക്കുകയായിരുന്നു. 

ശ്രുതിക്കൊപ്പം ഒന്നിക്കുന്ന സ്വപ്ന നിമിഷത്തിന് കാത്തിരിക്കാതെ അവൻ മടങ്ങി.. മഹാദുരന്തത്തെ അതിജീവിച്ച, പതിയെ മറന്നു തുടങ്ങിയ നമുകെല്ലാവർക്കും തീരാ നോവ് സമ്മാനിച്ച്.

അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ജെന്‍സന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും പ്രതീക്ഷിച്ചിരുന്നതായി ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. എന്ത് പറഞ്ഞ് ശ്രുതിയെ സമാധാനിപ്പിക്കുമെന്ന് അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു

ENGLISH SUMMARY:

Wayanad Accident; jenson died