വയനാട്ടില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജെന്‍സന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്ന് ഉറപ്പ് നല്‍കുന്നെന്നും  വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാനാകാട്ടെയെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം:

വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.

തീരാനോവ് നൽകി മടക്കം

പ്രാർഥനകൾ വിഫലമായി, ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി. വെള്ളാരംകുന്നില്‍ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്ന അമ്പലവയൽ സ്വദേശി ജെൻസൺ മരണത്തിന് കീഴടങ്ങി. ഓണത്തിനു ശേഷം വിവാഹം നടക്കാനിരിക്കെയാണ് തീരാനോവ് നൽകിയുള്ള മടക്കം..

എപ്പോഴും കൂടെയുണ്ടാകും, ഇനിയൊരു ദുരന്തത്തിനും വിട്ടു കൊടുക്കില്ലെന്ന് അന്ന് ശ്രുതിയെ ചേർത്ത് പിടിച്ച് ജെൻസൺ മനോരമ ന്യൂസിനോട് പറഞ്ഞതാണ്. പക്ഷെ വിധി അതിനു സമ്മതിച്ചില്ല. ഇന്നലെയുണ്ടായ വാഹനാപകടം പിന്നെയും ശ്രുതിയെ കണ്ണീരിലാഴ്ത്തി, ഒറ്റക്കാക്കി ജെൻസൻ മടങ്ങി. മഹാ ദുരന്തത്തിൽ അഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതു പേരെ ശ്രുതിക്ക് നഷ്ടപ്പെട്ടതാണ്. ജീവിതത്തിലേക്ക് തിരികെ വരാനുള്ള പ്രതീക്ഷയുടെ ഏക കിരണം ജെൻസണായിരുന്നു. ഒടുവിൽ വിധി അതും തട്ടിയെടുത്തു

പത്തു വർഷത്തെ പ്രണയമായിരുന്നു ഇരുവരുടേയും. ദുരന്തത്തിനും ഒരു മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ദിവസങ്ങളെണ്ണി കാത്തിരുന്ന ആ മനോഹര നിമിഷത്തിന് ആദ്യം ഉരുൾപെട്ടലും പിന്നെ വാഹനാപകടവും വില്ലനായി . തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 8.55 ഓടെ മരണം സംഭവിക്കുകയായിരുന്നു. 

ശ്രുതിക്കൊപ്പം ഒന്നിക്കുന്ന സ്വപ്ന നിമിഷത്തിന് കാത്തിരിക്കാതെ അവൻ മടങ്ങി.. മഹാദുരന്തത്തെ അതിജീവിച്ച, പതിയെ മറന്നു തുടങ്ങിയ നമുക്കെല്ലാവർക്കും തീരാ നോവ് സമ്മാനിച്ച്. അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും ജെന്‍സന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും പ്രതീക്ഷിച്ചിരുന്നതായി ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. എന്ത് പറഞ്ഞ് ശ്രുതിയെ സമാധാനിപ്പിക്കുമെന്ന് അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു

ENGLISH SUMMARY:

Wayanad landslide survivor's fiance succumbs to injuries from accident