വയനാട്ടിലെ ദുരന്തഭൂമിയെയും നാടിനെയൊന്നാകെയും വീണ്ടുമൊരു തീരാ ദുഃഖത്തിലാഴ്ത്തി, വിടപറഞ്ഞ അമ്പലവയല്‍ സ്വദേശി ജെന്‍സന്‍റെ സംസ്കാരം ഇന്ന് വൈകിട്ട്. രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ശേഷം അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലും ഓഡിറ്റോറിയത്തിലും പൊതുദര്‍ശനമുണ്ടാകും. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. പ്രതിശ്രുത വരനെ അവസാനമായി ഒരു നോക്കു കാണാന്‍ ഇന്നലെ രാത്രി ശ്രുതിക്ക് അവസരമൊരുക്കിയിരുന്നു. വെള്ളാരംകുന്നിലുണ്ടായ റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതാണ് ജന്‍സനെ മരണത്തിലേക്ക് നയിച്ചത്. ഓണത്തിനു ശേഷം വിവാഹം നടക്കാനിരിക്കെയാണ് തീരാനോവ് ബാക്കിയാക്കി ജെന്‍സന്‍റെ മടക്കം. ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയെ എന്തുപറഞ്ഞ് ആശ്വസിപ്പിണം എന്ന വേദനയിലാണ് നാട്.
മഹാ ദുരന്തത്തിൽ അഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതു പേരെ ശ്രുതിക്ക് നഷ്ടപ്പെട്ടതാണ്. ജീവിതത്തിലേക്ക് തിരികെ വരാനുള്ള പ്രതീക്ഷയുടെ ഏക കിരണം ജെൻസണായിരുന്നു. എപ്പോഴും കൂടെയുണ്ടാകും. ഇനിയൊരു ദുരന്തത്തിനും വിട്ടു കൊടുക്കില്ലെന്നാണ് അന്ന് ശ്രുതിയെ ചേർത്ത് പിടിച്ച് ജെൻസൺ പറഞ്ഞത്. പക്ഷെ വിധി അതിനു സമ്മതിച്ചില്ല. ഇന്നലെയുണ്ടായ വാഹനാപകടം പിന്നെയും ശ്രുതിയെ കണ്ണീരിലാഴ്ത്തി, ഒറ്റക്കാക്കി ജെൻസൻ മടങ്ങി.
പത്തു വർഷത്തെ പ്രണയമായിരുന്നു ഇരുവരുടേയും. ദുരന്തത്തിനും ഒരു മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ദിവസങ്ങളെണ്ണി കാത്തിരുന്ന ആ മനോഹര നിമിഷത്തിന് ആദ്യം ഉരുൾപെട്ടലും പിന്നെ വാഹനാപകടവും വില്ലനായി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 8.55 ഓടെ മരണം സംഭവിക്കുകയായിരുന്നു.