TOPICS COVERED

ഓണപ്പാട്ടും ഓണക്കളികളുമൊക്കെ പലതുണ്ടെങ്കിലും പാലക്കാട് കുമാരനല്ലൂരിലെ ഓണാഘോഷം ഇത്തിരി വ്യത്യസ്തമാണ്.  വിവാഹിതരും അവിവാഹിതരും തമ്മിൽ കാൽപ്പന്തു കളിച്ചാണ് ഇവിടെ ഓണാഘോഷം. 

ഇരുപത്തി അഞ്ച് വർഷത്തിലേറെയായി കാൽപ്പന്ത് തട്ടിയാണ് കുമരനെല്ലൂരിലെ യുവാക്കൾ ഓണാഘോഷത്തിന് തുടക്കമിടുന്നത്. വിവാഹിതരും അവിവാഹിതരും നേർക്കുനേർ മൽസരിച്ച് ഗോളടിക്കുന്നതാണ് പ്രത്യേകത. ഇത്തവണയും പതിവ് തെറ്റിയില്ല. വാശിയേറിയ മത്സരം നടന്നു. ആദ്യ പകുതിയിൽ തകർപ്പനൊരു ഫ്രീകിക്ക് ഗോളിലൂടെ വിവാഹിതർ  ലീഡെടുത്തു. സമനില പിടിക്കാനുള്ള അവിവാഹിതരുടെ ശ്രമങ്ങൾ എല്ലാം വിവാഹിതരുടെ ടീം പ്രതിരോധിച്ചു. 

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച അവിവാഹിതർ പെനൽറ്റിയിലൂടെ സമനില നേടി ഫൈനൽ വിസിലോടെ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ച് ആഘോഷ തുടക്കം.

അവിവാഹിതരുടെ ടീമിലേക്ക് വളർന്നുവരുന്ന പുതിയ കളിക്കാർ വർഷാവർഷം എത്തിച്ചേരാറുണ്ട്. ഇത്തവണ അവിവാഹിതരുടെ ടീമിൽ കളിച്ചവർ അടുത്ത തവണ ചിലപ്പോൾ വിവാഹിതരുടെ ടീമിലെത്തിയേക്കാം എന്നതാണ് മറ്റൊരു കൗതുകം. ദേശീയ താരങ്ങളും പരിശീലകരും റഫറിമാരുമടക്കം നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള മൈതാനമാണ് കുമരനെല്ലൂരിലേത്. കുമരനെല്ലൂരിന്റെ കാൽപന്ത് പെരുമ നിലനിർത്തിക്കൊണ്ടു തന്നെയാണ് ഇത്തവണയും ഓണ മൽസരം സംഘടിപ്പിച്ചത്. ചേരി തിരിഞ്ഞുള്ള വാശിയേറിയ പോരാട്ടത്തിന് ശേഷം മധുരം നുണഞ്ഞ് യുവാക്കളുടെ സ്നേഹ കൈമാറ്റവും പതിവാണ്. 

ENGLISH SUMMARY:

Onam is celebrated in Kumaranallur by playing football between the married and the unmarried