wayanad-homeless-tribals

TOPICS COVERED

വയനാട് ചെതലയത്ത് പുനരധിവാസത്തിന്റെ പേരിൽ വനത്തിൽ നിന്ന് പുറത്തെത്തിച്ച കാട്ടുനായ്ക്കർ കുടുംബങ്ങൾക്ക് എട്ടു വർഷമായിട്ടും ഭൂമി നൽകിയില്ല. ഒരു വർഷത്തിനുള്ളിൽ വീടൊരുക്കുമെന്ന് ഉറപ്പ് നൽകിയ അധികൃതർ വഞ്ചിച്ചെന്നാണ് കുടുംബങ്ങളുടെ പരാതി. ഉദ്യോഗസ്ഥരുടെ വാക്കിൽ സർവതും നഷ്ടപ്പെട്ട് ആറു കുടുംബങ്ങൾ ഇന്നും പെരുവഴിയിലാണ്.

ചെതലയം വനത്തിനുള്ളിലെ കൊമ്മഞ്ചേരിയിലായിരുന്നു ബിന്ദുവിന്റേതടക്കം ആറു കാട്ടുനായ്ക്കർ കുടുംബങ്ങൾ താമസിച്ചിരുന്നത്. സ്വന്തമായി വീടും സ്ഥലവും കൃഷിയുമൊക്കെയായി സ്വസ്ഥമായിരുന്നു ജീവിതം. വന്യജീവി ആക്രമണത്തിന്റെ പേരിൽ ഇവരെ 2016 ൽ കാട്ടിൽ നിന്നും മാറ്റി പാർപ്പിച്ചു. ഒരു വർഷത്തിനകം സ്ഥലവും വീടും ജീവനോപാതിയും നൽകാമെന്നറിയിച്ചായിരുന്നു എല്ലാവരേയും കാടിറക്കിയത്. ആദ്യം കൊമ്പൻമൂലയിലേക്കും രണ്ടു കുടുംബങ്ങളെ പിന്നീട് ചെതലയത്തെ വനം വകുപ്പ് ക്വാർട്ടേഴ്സിലേക്കും മാറ്റി. എന്നാൽ വർഷം എട്ടായിട്ടും കുടുംബങ്ങൾക്ക് വീടോ സ്ഥലമോ നൽകിയില്ല.

എല്ലാവരും പെരുവഴിയിലായി. ചിലർ നാടു തന്നെ വിട്ടു. ക്വാർട്ടേഴ്സിൽ തുടരുന്ന ബിന്ദുവും കുഞ്ഞും അടക്കം 9 ആളുകൾ എങ്ങോട്ട് പോവണമെന്നറിയാതെ കുടുങ്ങി കിടക്കുന്നുണ്ട്. അതിനിടെ വനം വകുപ്പിൽ പെട്ട ചിലർ ക്വാർട്ടേഴ്സിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു. കറന്റ് ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മാസങ്ങളോളം കെ എസ് ഇ ബി കുടുംബത്തെ ഇരുട്ടിലുമാക്കി. ജോലിക്കു പോകാനാവത്തതോടെ ഉദാരമനസ്കരുടെ സഹായം മാത്രമാണ് ആശ്രയം.

 

വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. വനാവകാശ നിയമപ്രകാരമുള്ള ഭൂമിയിൽ നിന്ന് താമസം മാറിയതിനാൽ മറ്റൊരു സ്ഥലം നൽകാനാവില്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്. അതായയത് വനം റവന്യു ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് കാടിറങ്ങിയ പാവങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന്.

ENGLISH SUMMARY: