actress-pocso

TOPICS COVERED

പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി മുകേഷിനെതിരെ പീഡനപരാതി ഉന്നയിച്ച നടി മദ്രാസ് ഹൈക്കോടതിയില്‍. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തമിഴ്നാട് പൊലീസ് ഏറ്റെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.  യുവതിയുടെ പരാതിയില്‍ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനൊപ്പം നടിയെ ഉടന്‍ ചോദ്യം ചെയ്യും. 

 

മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു അടക്കമുള്ള നടന്‍മാര്‍ക്കെതിരെ പരാതി ഉന്നയിച്ച നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നടിയുടെ ബന്ധുവായ യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്. 2014ല്‍ പതിനാറ് വയസ് പ്രായം മാത്രമുള്ള യുവതിയെ ചെന്നൈയില്‍ സിനിമ ഓഡിഷനെന്ന പേരില്‍ നടി വിളിച്ചുവരുത്തി സെക്സ് മാഫിയക്ക് കൈമാറിയെന്നാണ് പരാതി. ഇവിടെവെച്ച് ലൈംഗിക അതിക്രമത്തിന് ഇരയായെന്നും യുവതി വെളിപ്പെടുത്തി.

 പോക്സോ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത പൊലീസ് പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. കുറ്റകൃത്യം നടന്നത് ചെന്നൈയിലായതിനാല്‍ കേസ് തമിഴ്നാട് പൊലീസിന് കൈമാറാനാണ് നീക്കം. തമിഴ്നാട് ഡിജിപിക്കും യുവതി പരാതി നല്‍കിയിരുന്നു. ഇതോടെയാണ് നടി മുന്‍കൂര്‍ ജാമ്യം തേടി തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് നടിയുടെ ആരോപണം.

നടി പരാതിക്കാരിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലും മൂവാറ്റുപുഴ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Following the registration of a POCSO case, the actress who filed a harassment complaint against Mukesh has approached the Madras High Court seeking anticipatory bail. The move comes as the possibility arises that the case, initially registered by the Muvattupuzha police, might be taken over by the Tamil Nadu police.