shirur-23

TOPICS COVERED

ഷിരൂരില്‍ അര്‍ജുനായി നടക്കുന്ന തിരച്ചിലില്‍ ലോറിയുടെ ക്രാഷ് ഗാര്‍ഡ് കിട്ടിയതില്‍ പ്രതികരണവുമായി ലോറി ഉടമ മനാഫ്. ക്രാഷ് ഗാര്‍ഡ് അത്രവേഗം പൊട്ടുന്ന ഒന്നല്ലെന്നും അതിന്‍റെ അറ്റം കൃത്യമായി പരിശോധിക്കണമെന്നും മനാഫ് പറയുന്നു. 

കടയ്ക്ക് സമീപം തിരയാന്‍ ആദ്യം മുതല്‍ തന്നെ പറയുന്നതാണ്. രണ്ടാം ഘട്ടത്തില്‍ നേവി തിരഞ്ഞപ്പോഴാണ് കയര്‍ കിട്ടിയത്. ആ സ്ഥലത്തിന് മുകളില്‍ ഇപ്പൊ കല്ലും മണ്ണും മൂടിക്കിടക്കുകയാണ്. അത് മാറ്റിക്കഴിഞ്ഞാല്‍ ഉറപ്പായും വണ്ടി കിട്ടും. 

ക്രാഷ് ഗാര്‍ഡ് എങ്ങനൊണ് പൊട്ടിയതെന്ന് അറിയണമെന്നും മനാഫ് പറയുന്നു. മുന്‍പേ പൊട്ടിയതാണെങ്കില്‍ അത് തുരുമ്പിച്ചിട്ടുണ്ടാകും. അത് അത്ര വേഗം പൊട്ടുന്ന ഒന്നല്ലെന്നും ഇന്ന് മാന്തിയെടുക്കുമ്പൊ പൊട്ടിയതാണോ എന്ന് പരിശോധിക്കണമെന്നും മനാഫ് പറഞ്ഞു. 

 

ക്യാബിനിലേക്ക് എങ്ങനെയെങ്കിലും എത്തണം. ആ ലോറിയും മരവും എനിക്ക് ആവശ്യമില്ല, അര്‍ജുനെ മാത്രം കിട്ടിയാല്‍ മതി. വണ്ടി ഒരുപാട് ദൂരം ഒഴുകിപ്പോകാന്‍ സാധ്യതയില്ലെന്നും മനാഫ് പറയുന്നു. തടി ഒഴുകിപ്പോയാലും വണ്ടി മാത്രം 15 ടണ്ണിനു മേലെ ഭാരം ഉണ്ടാകും. 

വാഹനാവശിഷ്ടങ്ങള്‍ കിട്ടിത്തുടങ്ങിയ സാഹചര്യത്തില്‍ ലോറി ഈ ഭാഗത്ത് മണ്ണില്‍ പുതഞ്ഞുപോയിട്ടുണ്ടാകാമെന്നാണ് തിരച്ചില്‍ സംഘത്തിന്‍റെ നിഗമനം. ഈ ഭാഗത്തു നിന്ന് ഡ്രഡ്ജറിന്‍റെ സഹായത്തോടെ പരമാവധി മണ്ണ് നീക്കം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചുപോയ ചായക്കട ഇരുന്ന ഭാഗത്തിന് താഴെ നദിയിലാണ് പരിശോധന ഇന്നലെ പുനരാരംഭിച്ചത്. ഇവിടെ പരിശോധന നടത്തണമെന്നാണ് അര്‍ജുന്‍റെ കുടുംബവും ആവശ്യപ്പെട്ടത്. 

ENGLISH SUMMARY:

Lorry Owner Manaf About Finding The Crash Guard From Shirur