joy-mathew-prasie-manaf

അർജുൻറെ ലോറിയും മൃതദേഹവും ലഭിച്ച സമയത്ത് വൈകാരികമായിരുന്നു ലോറി ഉടമ മനാഫിൻറെ വാക്കുകൾ. തൻറെ ഉറപ്പ് സത്യമായെന്നും  അവൻറെ അച്ഛന് ഞാൻ കൊടുത്ത വാക്കാണ് അവനെയും കൊണ്ടെ വരൂ എന്നതെന്നും അത് ഞാൻ പാലിച്ചെന്നുമായിരുന്നു മനാഫിൻറെ പ്രതികരണം. ഈ വാക്കുകൾക്ക് നിറഞ്ഞ സ്നേഹമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. മനാഫിനനെ പ്രശംസിച്ച് നടനും സംവിധായകനുമായി ജോയ് മാത്യുവും ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. 

Also Read: എനിക്ക് വണ്ടി വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതി; കണ്ണീരോടെ മനാഫ്

'സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം: മനാഫ്' എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ എഴുതിയത്. അർജുന്റെ മൃതദേഹം ലഭിച്ചതിന് പിന്നാലെ നടി മഞ്ജു വാര്യരും വൈകാരിക കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും', എന്നായിരുന്നു മഞ്ജു എഴുതിയത്. 

Also Read: 'അർജുൻ നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും'; വൈകാരിക കുറിപ്പുമായി മഞ്ജു വാര്യര്‍

വണ്ടി എനിക്ക് വേണ്ട, അർജുന്റെ മൃതദേഹം എടുത്താൽ മതിയെന്നുമാണ് മനാഫ് മനോരമ ന്യൂസിനോട് പറഞ്ഞത്. അർജുൻ കാബിനിൽ ഉണ്ടാകുമെന്ന് കുടുംബത്തിനോട് പറഞ്ഞിരുന്നു. 'അർജുനെ അവൻറെ മകൻറെയടുത്ത് എത്തിക്കണമെന്നത് എൻറെ ആഗ്രഹവും വാശിയുമായിരുന്നു. അത് ഞാൻ പാലിച്ചു' എന്നായിരുന്നു മനാഫിന്റെ വാക്കുകൾ.