industrial-smart-city

TOPICS COVERED

പാലക്കാടിന് ലഭിച്ച വ്യവസായ സ്മാര്‍ട് സിറ്റി പദ്ധതിക്കായുള്ള മുഴുവന്‍ ഭൂമി ഏറ്റെടുക്കലും ഡിസംബറില്‍ പൂര്‍ത്തിയാവും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങാന്‍ തയ്യാറാണെന്നും അടുത്തയാഴ്ച കേന്ദ്രസംഘം പാലക്കാട്ടെത്തി ഫണ്ട് കൈമാറുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി ബെംഗളൂരു–കൊച്ചി വ്യവസായ ഇ‌ടനാഴിക്ക് കൂടുതല്‍ കരുത്താവുമെന്നാണ് വിലയിരുത്തല്‍. 

 

പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിങ്ങനെ മൂന്നിടങ്ങളിലായി 1710 ഏക്കറില്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് പുതുശ്ശേരി വെസ്റ്റില്‍ 240 ഏക്കര്‍ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. പുതുശ്ശേരി സെന്‍ട്രലില്‍ 672.7 ഏക്കറും, പുതുശ്ശേരി വെസ്റ്റില്‍ 130.19 ഏക്കറും, കണ്ണമ്പ്രയില്‍ 169.67 ഏക്കറും വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. മൂന്നിടങ്ങളിലും ഗ്രീന്‍ബെല്‍റ്റിനും ജലസംരക്ഷണത്തിനും ഭൂമി മാറ്റിവയ്ക്കും. ഭൂമിയേറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നും കേന്ദ്രാനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും വ്യവസായ മന്ത്രി. 

പാലക്കാട് സ്മാര്‍ട് സിറ്റിക്ക് കഴിഞ്ഞമാസം ഇരുപത്തി എ‌ട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 3815 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ 1710 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 1844 കോടി രൂപയാണ് ചെലവ്. റോഡുകളും ഗതാഗത ജോലികളും, ജലവിതരണം, സീവേജ്, മലിനജല പുനരുപയോഗ ശൃംഖല, ജല ശുദ്ധീകരണ പ്ലാന്റ്, ഖരമാലിന്യ സംസ്കരണം, തുടങ്ങി അ‌ടിസ്ഥാന സൗകര്യ വികസനത്തിനായുള്ള തുക ഉള്‍പ്പെടെ പകുതി വിഹിതം കേന്ദ്രം നല്‍കും