thrissur-pooram-rti

തൃശൂര്‍ പൂരം അന്വേഷണത്തെക്കുറിച്ച് വിവരാവകാശ മറുപടി നല്‍കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതില്‍ വിവരാവകാശ കമ്മിഷന് കടുത്ത അതൃപ്തി. വിവരാവകാശ പ്രവര്‍ത്തകരുടെ പരാതി കമ്മിഷന്‍ ഗൗരവമായെടുത്തു. പൂരം കലക്കിയതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി അറിവില്ലെന്നായിരുന്നു നേരത്തേ പൊലീസ് ആസ്ഥാനത്ത് നിന്ന് മനോരമ ന്യൂസിനു നല്‍കിയ വിവരാവകാശ മറുപടി.

 

പൂരം അലങ്കോലപ്പെട്ടതില്‍ അഞ്ചുമാസം മുന്‍പ്  മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം എന്തായി എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതായി അറിവില്ലെന്നായിരുന്നു മറുപടി. വാദങ്ങളും പ്രതിവാദങ്ങളുമായി വിവാദം കത്തിയപ്പോള്‍ വിവരാവകാശ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി, എം.എസ്. സന്തോഷിനെ സര്‍ക്കാര്‍ ഇടപെട്ട് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സസ്പെന്‍ഷന്‍ ആര്‍.ടി.ഐ നിയമത്തിലെ പത്തൊൻപതാം വകുപ്പിന്‍റെ ലംഘനമാണെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. 

Also Read: വിവരാവകാശ മറുപടി തെറ്റ്; 5 മാസത്തെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; തടിയൂരാൻ പൊലീസും

പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി ഉദ്യോഗസ്ഥരെ ശ്കതിപ്പെടുത്തുന്നതാണ് പത്തൊൻപതാം വകുപ്പ്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്താല്‍ അതു നിയമം തന്നെ അട്ടിമറിക്കുന്നതാകുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥനെ സംരക്ഷിക്കേണ്ടത് വിവരാവകാശ നിയമം ശക്തിപ്പെടാന്‍ അനിവാര്യമാണെന്ന വിവരാവകാശ സംഘടനയുടെ നിര്‍ദേശം കമ്മിഷന്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. മുഖ്യാവിവരാവകാശ കമ്മിഷണര്‍ ഹരി വി. നായരുടെ ബഞ്ചാണ് പരാതി പരിഗണിക്കുന്നത്.