ഉള്ളുരുകി നിന്നു. നാടൊന്നാകെ. കണ്ണാടിക്കല്‍ അമരാവതിയിലേക്കുള്ള വഴികളെല്ലാം നിറഞ്ഞു കവിഞ്ഞു. കാത്തു നിന്ന് ഒരോരുത്തരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. അറിഞ്ഞും കേട്ടുമെത്തിയവര്‍ കോഴിക്കോടുകാര്‍മാത്രമായിരുന്നില്ല.  എത്തിയവരാരും മടങ്ങിയതുമില്ല. ഒടുവില്‍ മുറ്റവും  ഇടവഴികളുമെല്ലാം നിറഞ്ഞ്  ജനസമുദ്രം. ആളുകള്‍ കാത്തു നിന്നെങ്കിലും 11മണിയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച്  സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു . ഉറ്റവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം പതിനൊന്നരയോടെ വീട്ടുവളപ്പില്‍ തന്നെ അര്‍ജുന് ചിതയൊരുക്കി. സഹോദരന്‍ അഭിജിത്താണ് ജ്യേഷ്ഠന്‍ അര്‍ജുന്റെ ചിതയ്ക്ക് തീ പകര്‍ന്നത്. Also Read: 'മരിച്ചെന്നുറപ്പിച്ച ഒരാളെ കണ്ടെത്താൻ സമരം ചെയ്ത ഒരാൾ'; ഹൃദയഭേദകം ഈ കുറിപ്പ്

കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന്‍റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. രാവിലെ തലപ്പാടിയില്‍ അര്‍ജുന്‍റെ മൃതദേഹ ശേഷിപ്പുകള്‍ കേരള പൊലീസ്ഏറ്റുവാങ്ങി. കേരള, കര്‍ണാടക പൊലീസ് സംഘവും വിലാപ യാത്രയ്ക്കൊപ്പമുണ്ടായിരുന്നു. അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.  തുടർന്ന് ‌വിലാപയാത്രയായി കണ്ണാടിക്കലെ വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. വിതുമ്പുന്ന മുഖങ്ങളായിരുന്നു എല്ലായിടത്തും. പുലര്‍ച്ചെ തന്നെ അര്‍ജുന്‍ എത്തുന്നതും കാത്ത്  കണ്ണാടിക്കൽ അങ്ങാടിയിലും ആളുകൾ കാത്തുനിന്നു.  8.15ന് മൃതദേഹം കണ്ണാടിക്കൽ എത്തിച്ചു. കര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും ഈശ്വര്‍ മാല്‍പെയും അര്‍ജുന്‍റെ അന്ത്യയാത്രയെ അനുഗമിച്ച് കണ്ണാടിക്കലോളം എത്തി.  അതിനോടകം സങ്കടക്കടലായി മാറിയ കണ്ണാടിക്കല്‍ ഗ്രാമമൊന്നടങ്കം പിന്നെ അര്‍ജുന്‍റെ വീട്ടുമുറ്റത്തേക്ക്. രണ്ടുമാസം മകനായി കാത്തിരുന്ന അച്ഛനുമമ്മയും മകന്‍റെ ഓര്‍മകളില്‍ വിതുമ്പി. ഭാര്യ കൃഷ്ണപ്രിയയും ഒന്നുമറിയാതെ മൃതദേഹത്തിനരികിലിരുന്ന രണ്ടരവയസുകാരന്‍ അയാനും നാടിന്‍റെ നോവായി. Read Also: അർജുന്റെ ഓർമ്മയ്ക്ക് മുകളിൽ കേരളം നാട്ടുന്ന മീസാൻ കല്ല്; മനാഫ്

വീട്ടിലും പരിസരത്തു തടിച്ചു കൂടിയ ജനങ്ങളെ നിയന്ത്രിക്കാന്‍  പൊലീസും ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാന്‍ വരിനിര്‍ത്തി ആളുകളെ പ്രവേശിപ്പിച്ചു . എങ്കിലും വീടും പരിസരവും അളുകളെ കൊണ്ട് നിറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പലപ്പോഴും അപ്രസക്തമായി. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രൻ, എംപിമാരായ എം.കെ.രാഘവൻ , ഷാഫി പറമ്പിൽ  , കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്‍റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ അന്ത്യോപചാരം അര്‍പ്പിച്ചു.

തീര്‍ത്തും വൈകാരികമായാണ്  അര്‍ജുന്‍റെ വേര്‍പാടിനോട് നാട് പ്രതികരിച്ചത് . എല്ലാവര്‍ക്കും പ്രിയപ്പെട്ട മകനെയാണ് നഷ്ടമായതെന്ന് ഒരമ്മ കരഞ്ഞുപറയുന്നുണ്ടായിരുന്നു .അര്‍ജുനെ ചെറുപ്പം മുതലറിയാവുന്ന അയല്‍വാസികള്‍ക്ക് ആ വേര്‍പാട് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു.ജൂലൈ 16നാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ ദുരന്തം സംഭവിച്ചത്. അന്നുമുതല്‍ അര്‍ജുനായുള്ള കാത്തിരിപ്പിലായിരുന്നു കേരളം. രണ്ടുദിവസം മുമ്പ് മൃതദേഹം വീണ്ടെടുത്തെങ്കിലും  ഡിഎഎ പരിശോധനയടകമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ മാത്രമാണ് മൃതദേഹം വിട്ടുകൊടുക്കാനായത്  

ENGLISH SUMMARY:

Dreams buried: Arjun's journey comes to a heartbreaking end