• അത്യപൂര്‍വരോഗമെന്ന് ലോകാരോഗ്യ സംഘടന
  • പ്രതിരോധത്തില്‍ കേരളത്തിന് അലംഭാവമോ?
  • മരണനിരക്ക് 97 ശതമാനം

തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു പേരും മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

ലോകത്ത് അത്യപൂര്‍വമായി കാണപ്പെടുന്ന അമീബിക് മസ്തിഷ്ക ജ്വരം കേരളത്തില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുമ്പോഴും പ്രതിരോധം ദുര്‍ബലം. കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്നാണ് പകരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും മലിനമായ ജലാശയങ്ങള്‍ വൃത്തിയാക്കുന്ന കാര്യത്തില്‍ അലംഭാവം തുടരുകയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് എട്ടുകൊല്ലമായിട്ടും രോഗം സംബന്ധിച്ച് ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളുമില്ല. 

കണ്ണൂരില്‍ നിന്നുളള 13 കാരി ദക്ഷിണ, മലപ്പുറം മുന്നിയൂരില്‍ നിന്നുളള അഞ്ച് വയസുകാരി ഫത്വ, ഫറോക്ക് സ്വദേശിയായ 14 കാരന്‍  മൃദുല്‍,   കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി മണികണ്ഠന്‍, തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി അഖില്‍,  ഈ വര്‍ഷം മാത്രം അമീബിക് മസ്തിഷ്കജ്വരം കവര്‍ന്ന ജീവനുകളാണ്. അതും ജീവിച്ചു തുടങ്ങുംമുമ്പേ പൊലിഞ്ഞ് പോയവര്‍.  ഒടുവില്‍ തിരുവനന്തപുരം നാവായിക്കുളത്തെ പ്ളസ്ടുവിദ്യാര്‍ഥി അടക്കം മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കുട്ടി കുളിച്ച കുളത്തിന് സമീപം ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചതില്‍ ഒതുങ്ങുന്നു പ്രതിരോധം. ആഴ്ചകള്‍ക്ക് മുമ്പാണ് സമീപ പ്രദേശത്ത് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. 

ഡബ്ളുഎച്ച്ഒയുടെ 2016വരെയുളള കണക്കുകള്‍ പ്രകാരം ലോകത്താകെ 381 പേര്‍ക്ക് മാത്രമേ ഈ രോഗം കണ്ടെത്തിയിട്ടുളളു. കേരളത്തില്‍ 2016 മുതല്‍ എല്ലാവര്‍ഷവും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമീബ മൂക്കിലെ നേര്‍ത്ത ഭാഗത്തുകൂടി ഉളളില്‍ക്കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരത്തിന് കാരണമാകുകയുമാണ്. ഭൂരിഭാഗം കേസുകളിലേയും രോഗ ഉറവിടമായ കെട്ടിക്കിടക്കുന്ന വെളളമുളള കുളങ്ങള്‍ വൃത്തിയാക്കാന്‍ യാതൊരു നീക്കവുമില്ല. ചില കേസുകളില്‍ രോഗ ഉറവിടം വ്യക്തവുമല്ല. 97 ശതമാനം മരണനിരക്കുളള രോഗത്തേയാണ് അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നത്. അമീബിക് മസ്തിഷ്ക ജ്വരം മാത്രമല്ല ജലത്തിലൂടെ പകരുന്ന മറ്റ് ഗുരുതര രോഗങ്ങളുടെ നിരക്കും ഉയരുന്നുണ്ട്.  

ENGLISH SUMMARY:

Amoebic meningoencephalitis confirmed for two in Trivandrum. One more case has also been confirmed from Malappuram, admitted in hospital.