പി.വി.അൻവറിന്‍റെ നീക്കത്തിനു പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ട മതമൗലിക സംഘടനകളാണന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിനെതിരെ അൻവർ ഉയർത്തിയ ആക്ഷേപങ്ങളെ പാർട്ടി നേതൃത്വം പ്രതിരോധിച്ചാൽ മതിയെന്നാണ് തീരുമാനം. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മാധ്യമങ്ങളെ കണ്ടത്.
മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിൽ ന്യൂനപക്ഷങ്ങളെ സിപിഎമ്മിൽ നിന്നും അകറ്റാനാണ് അൻവറിനെ ഉപയോഗപ്പെടുത്തുന്നതെന്നാണ് ആക്ഷേപം. പി.വി. അൻവറിൻ്റെ പൊതുയോഗം വിജയിപ്പിക്കുന്നതിന് മുന്നിൽ നിന്നതും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണന്നും ആരോപിച്ചു.
ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസിനെ ആർ.എസ്.എസായി ചിത്രീകരിക്കുന്നത് ആസൂത്രിതമാണ്. എന്നാൽ എതിരാളികൾ പോലും പ്രചാരണം വിശ്വസിക്കില്ല. നമസ്ക്കരിക്കാൻ പള്ളിയിൽ പോകുന്നതുപോലും ജില്ല സെക്രട്ടറി തടഞ്ഞുവെന്ന് പറഞ്ഞത് ശുദ്ധ അസംബന്ധമാണന്നും പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷങ്ങളേയും പാർട്ടിയിൽ നിന്നും അകറ്റാൻ അൻവർ ശ്രമിക്കുകയാണന്നും ജില്ല നേതൃത്വം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി മലപ്പുറം ജില്ലയെ കള്ളക്കടത്തുകാരുടെ ജില്ലയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന ആക്ഷേപം ഉയർന്നിരിക്കെ ഇന്ന് പിവി അൻവർ നിലമ്പൂരിൽ നടത്തുന്ന സംസ്ഥാനതല രക്തദാന പരിപാടിയിൽ പങ്കെടുക്കും. രാവിലെ മാധ്യമങ്ങളെ കാണുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അരീക്കോട്ട് പൊതുസമ്മേളനം നടത്തുമെന്ന് പി.വി.അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൊണ്ട വേദനയെത്തുടർന്ന് സമ്മേളനം മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. നാളെ മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ച പൊതുസമ്മേളനവും മാറ്റിയിട്ടുണ്ട്.