piarayi-vijayan

TOPICS COVERED

വിവാദങ്ങള്‍ക്കിടെ ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി വീണ്ടും തിരുവനന്തപുരത്തെത്തിയതോടെ നിര്‍ണായക തീരുമാനങ്ങള്‍ക്കായി കാത്ത് രാഷ്ട്രീയകേരളം. മറ്റന്നാള്‍ നിയമസഭാ സമ്മേളനം തുടങ്ങും മുന്‍പ് എ.ഡി.ജി.പി M.R.അജിത്കുമാറിനെതിരെ നടപടിയും തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണ പ്രഖ്യാപനവും ഉണ്ടാകുമോയെന്നാണ് സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ കാത്തിരിക്കുന്നത്. എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി നാളെ സമര്‍പ്പിച്ചേക്കും.

 

മുഖ്യമന്ത്രിയുടെ ആര്‍.എസ്.എസ് കൂട്ടുകെട്ട് മകള്‍ക്ക് വേണ്ടിയെന്നതടക്കമുള്ള പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി പറയാമെന്നാണ് ഡെല്‍ഹിയില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ കോഴിക്കോട് അന്‍വറിനെതിരെ സംസാരിച്ചെങ്കിലും, തിരുവനന്തപുരത്ത് വീണ്ടും എത്തുന്നതോടെ എണ്ണിയെണ്ണി മറുപടി പറയാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിനേക്കാള്‍ ആകാംക്ഷയോടെ മുഖ്യമന്ത്രിയില്‍ കണ്ണുംനട്ടിരിക്കുന്നത് സി.പി.ഐയാണ്. എം.ആര്‍.അജിത്കുമാറിനെ മാറ്റിയേ തീരൂവെന്ന് പരസ്യനിലപാട് പലതവണ അവര്‍ സ്വീകരിച്ചു. നാളെ സി.പി.ഐയുടെ സംസ്ഥാന നിര്‍വാഹകസമിതിയോഗം ചേരും. മറ്റന്നാള്‍ നിയമസഭ സമ്മേളനവും തുടങ്ങും. ഇതിന് മുന്‍പ് അജിത്കുമാറിനെ മാറ്റിയില്ലങ്കില്‍ സി.പി.ഐയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉത്തരമില്ലാത്ത അവസ്ഥയിലാവും. അജിത്കുമാറിനെതിരായ ആരോപണങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറും. തൃശൂര്‍ പൂരത്തില്‍ തുടരന്വേഷണം നിര്‍ദേശിച്ചുള്ള ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയും മുഖ്യമന്ത്രിയുടെ തീരുമാനം കാത്ത് ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണ്.  ഇതില്‍ രണ്ടിലും മുഖ്യമന്ത്രിയുടെ തീരുമാനമെന്നത് പ്രതിപക്ഷത്തേക്കാള്‍ ഇടത് മുന്നണിക്കും നിര്‍ണായകമാണ്. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യമായ പി.ആര്‍ വിവാദവും മലപ്പുറം പരാമര്‍ശവും. എന്നാല്‍ ഇന്ന് രാവിലെ കൊട്ടാരക്കരയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വിവാദങ്ങളില്‍ ഒരക്ഷരം പറഞ്ഞില്ല.

Political Kerala is waiting for crucial decisions when the Chief Minister returns to Thiruvananthapuram: