എഡിജിപി എം.ആര്‍ അജിത് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് സമ്മതിച്ച് സംഘപരിവാറിന്‍റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് വത്സന്‍ തില്ലങ്കേരി. വയനാട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച്ചയെന്ന് തില്ലങ്കേരി മനോരമ ന്യൂസിനോട് പറഞ്ഞു. അജിത് കുമാര്‍–തില്ലങ്കേരി കൂടിക്കാഴ്ച്ചയെക്കുറിച്ച് സിപിെഎ സംസ്ഥാന സമിതിയെ അറിയിച്ചിരുന്നെന്ന് പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് ദേശീയ നേതാക്കളെക്കൂടാതെ ആര്‍എസ്എസ് പ്രാന്തീയകാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വയനാട്ടില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒാഗസ്റ്റ് നാലിന് വൈകീട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ താമസിച്ചിരുന്ന ഹോട്ടലില്‍വച്ചാണ് അജിത്കുമാറിെന കണ്ടതെന്ന് തില്ലങ്കേരി മനോരമ ന്യൂസിനോട് പറഞ്ഞു. സേവാ ഭാരതിയുടെ ആംബുലന്‍സും ദുരിതാശ്വാസ സാധനങ്ങളും പൊലീസ് തടയുന്നതില്‍ ഇടപെടല്‍ അഭ്യര്‍ഥിച്ചായിരുന്നു എഡിജിപിയെ കണ്ടത്. നാല് മിനിറ്റ് കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും തില്ലങ്കേരി.
ദുരന്തമുഖത്തെ ഭക്ഷണ വിതരണത്തില്‍ എഡിജിപി ഇടപെട്ടത് തില്ലങ്കേരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകാമെന്ന് സിപിെഎ വയനാട് ജില്ലാ സെക്രട്ടറി. തില്ലങ്കേരിയുമായി എഡിജിപി നാല് മണിക്കൂറാണ് ചര്‍ച്ച നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.