ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വോത്സവമായിട്ടാവും നടത്തുക.
2022-ല്‍ വിജയകരമായി നടത്തി സാഹിത്യാസ്വാദകരുടെയും നിരൂപകരുടെയും പൊതുജനങ്ങളുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പില്‍ സാഹിത്യ-സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറിലധികം പേര്‍ പാനലിസ്റ്റുകളായി പങ്കെടുത്തിരുന്നു. ആയിരത്തോളം ഡെലിഗേറ്റുകളും ഇരുപതിനായിരത്തോളം പ്രേക്ഷകരും അന്ന് സാഹിത്യോത്സവത്തിന്റെ ഭാഗമായി. ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്നും സമീപജില്ലകളില്‍നിന്നും ഒഴുകിയെത്തിയ നിരവധി വിനോദസഞ്ചാരികളും ആ വര്‍ഷാവസാന വാരാന്ത്യത്തില്‍ നടന്ന ഡബ്ല്യു.എല്‍.എഫിന്റെ ഭാഗമായി. 2022 ഡിസംബറില്‍ നടന്ന സാഹിത്യോത്സവം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വയനാട് പാര്‍ലമെന്റ് അംഗം ശ്രീ. രാഹുല്‍ ഗാന്ധിയും ബഹു. ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസും സാഹിത്യോത്സവത്തിന് സന്ദേശം നല്‍കിയിരുന്നു.
സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് എന്നീ വിവിധ പരിപാടികളിലായി അരുന്ധതി റോയ്, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ഭരണഘടനാവിദഗ്ധനും സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനുമായ ശ്യാം ദിവാന്‍, സഞ്ജയ് കാക്, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍, കെ. സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, സി.വി. ബാലകൃഷ്ണന്‍, സക്കറിയ, കല്‍പ്പറ്റ നാരായണന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, കെ.ആര്‍. മീര, പ്രഭാവര്‍മ്മ, സന്തോഷ് ജോര്‍ജ് കുളങ്ങര, സുനില്‍ പി. ഇളയിടം, പി.കെ. പാറക്കടവ്, സണ്ണി എം. കപിക്കാട്, വീരാന്‍കുട്ടി, മനോജ് ജാതവേദര്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി.എസ്. അനില്‍കുമാര്‍, ബീനാപോള്‍, മധുപാല്‍, ഷീലാ ടോമി, ശീതള്‍ ശ്യാം, സുകുമാരന്‍ ചാലിഗദ്ദ എന്നിവര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേര്‍ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി വയനാട്ടില്‍ എത്തിച്ചേരും. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിജാഗ്രത, കര്‍ഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങള്‍ എന്നിവ മുഖ്യവിഷയമായി അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള, ലണ്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫ. ക്രിസ്റ്റോഫ് ജഫ്രലോട്ട് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ജോണ്‍ കീ, നോവലിസ്റ്റും ന്യൂയോര്‍ക് വാസ്സര്‍ കോളേജ് പ്രൊഫസ്സറുമായ അമിതാവ കുമാര്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ കരോലിന്‍ ബക്കി എന്നിവരും അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
''ചിന്തിക്കാനും സംസാരിക്കാനും കേള്‍ക്കാനും സാഹിത്യം വായിക്കാനുമായി ലോകം മുഴുവന്‍ ഒരു വയനാടന്‍ഗ്രാമത്തിലേക്ക് വരികയാണ്. അതിലൂടെ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കപ്പെടുമ്പോള്‍ സംസ്‌കാരികമായ പുതിയ ഇടപെടലുകള്‍ സാധ്യമാവുന്നു. വയനാടന്‍ജനതയ്ക്ക് പ്രത്യാശയും ശുഭാപ്തിവിശ്വാസവും നല്‍കുകയെന്നതാണ് ഈ സാഹിത്യോത്സവത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. വയനാടിന്റെ അതിജീവനശേഷിയും ആത്മാവിഷ്‌കാരവും പ്രദര്‍ശിപ്പിക്കാനുള്ള അപൂര്‍വ അവസരംകൂടിയാണിത്,'' ഫെസ്റ്റിവല്‍ ഡയറക്ടറായ ഡോ. വിനോദ് കെ. ജോസ് പറയുന്നു.
സാഹിത്യോത്സവത്തോടനുബന്ധിച്ച് അഖിലേന്ത്യാ ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃകനടത്തം, ആര്‍ട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, ചെസ്സ് ടൂര്‍ണമെന്റ്, ഫാഷന്‍, ഫോട്ടോഗ്രഫി, സംരംഭകത്വം എന്നിവയില്‍ മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം, ഫോട്ടോഗ്രാഫി പുരസ്‌കാരം എന്നിവയും ഈ വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്.
'ചൂരല്‍മലയിലും മുണ്ടക്കൈയിലും അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം വയനാടിന്റെ മനസ്സിലും കാര്‍ഷിക, വാണിജ്യ, വിനോദസഞ്ചാരമേഖലയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ദുരന്തത്തിനുശേഷം വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഏറെക്കുറെ നിലച്ചുപോയ അവസ്ഥയാനുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമേല്‍പ്പിച്ച പ്രതിസന്ധിയില്‍നിന്ന് വയനാടിനെ കരയേറ്റാനും സാധാരണജീവിതം സാധ്യമാക്കാനും വയനാടിന് കൈത്താങ്ങേകാനും സഹായകമാകുന്ന പദ്ധതികളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വ്യത്യസ്തമായ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയനാട് സാധാരണനില പ്രാപിക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന പരിപാടികളിലൊന്നായിരിക്കും ഈ ഫെസ്റ്റിവല്‍,' വയനാട് സാഹിത്യോത്സവത്തിന്റെ ക്യുറേറ്റര്‍മാരിലൊരാളായ ഡോ. ജോസഫ് കെ. ജോബ് പറയുന്നു.
'ദുരന്തത്തിനുശേഷം വയനാട് ആകെ തകര്‍ന്നുപോയെന്നും ഇവിടുത്തെ മനോഹരകാഴ്ചകള്‍ക്ക് നിറം മങ്ങിയെന്നുമുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കുക എന്നതാണ് വയനാടിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം. ടൂറിസംമേഖലയിലെ മാന്ദ്യം മാറ്റിയെടുക്കാനും വയനാടിന്റെ സാമ്പത്തികമേഖലയില്‍ പുത്തനുണര്‍വു പകരാനും നൂതനവും വ്യത്യസ്തവുമായ പരിപാടികളിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുമുള്ള നല്ല അവസരമായിരിക്കും ഈ സാഹിത്യോത്സവമെന്ന്' ക്യൂറേറ്റര്‍ വി.എച്ച്. നിഷാദ് പറഞ്ഞു.
ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി ഒക്ടോബര്‍ 9-ന് ബുധനാഴ്ച 4 മണിക്ക് മാനന്തവാടി ദ്വാരക കാസാ മരിയയില്‍ വച്ച് ചേരുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗത്തില്‍ വയനാട്ടിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖര്‍, സ്ഥാപനമേധാവികള്‍, സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍, യുവജന, സ്ത്രീ-സംഘടനാ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍
സില്‍ അംഗങ്ങള്‍ എന്നിവരടക്കമുള്ള എല്ലാ അഭ്യുദയകാംഷികളും പങ്കെടുക്കണമെന്നും സാഹിത്യോത്സവത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് അഭ്യര്‍ത്ഥിച്ചു.
കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ജോസഫ് കെ. ജോബ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ്, എഴുത്തുകാരന്‍ വി.എച്ച്. നിഷാദ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.