മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.ആര്‍.വിവാദം, പി. ശശിക്കും എം.ആര്‍. അജിത് കുമാറിനുമെതിരായ പി.വി അന്‍വറിന്റെ ആരോപണം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിയമസഭ ഇന്ന് ബഹളമയമാകും. മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാലയും തടയാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ മനോരമ ന്യൂസ് നേരേ ചൊവ്വേ പരിപാടിയില്‍ അഭിപ്രായപ്പെട്ടതും രാഷ്്ട്രീയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കും.
നാലിന് സഭാസമ്മേളനം തുടങ്ങിയെങ്കിലും വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പിരിഞ്ഞു. ഇന്ന് വീണ്ടും സഭചേരുമ്പോള്‍ മുഖ്യമന്ത്രി മറുപടിപറയേണ്ട നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം എത്തുന്നത്.
എഡിജിപി–ആര്‍.എസ്.എസ് കൂടിക്കാഴ്ച ഉള്‍പ്പടെ പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിട്ടവയുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് പരാതിനല്‍കിയിരുന്നു. എല്‍.ഡി.എഫില്‍ നിന്ന് പുറത്തായ അന്‍വര്‍ സ്വീകരിക്കുന്ന നിലപാടുകളും ശ്രദ്ധാകേന്ദ്രമാകും.