TOPICS COVERED

കൊച്ചി കുമ്പളത്ത് യുവതിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കി അനധികൃത പാര്‍കിങ്. രാവിലെ ആറരയോടെ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കരുനാഗപ്പള്ളി സ്വദേശി രശ്മിയാണ് മരിച്ചത്. പരാതികളും പ്രതിഷേധവുമൊന്നും വകവയ്ക്കാതെ ദേശീയപാതയോരത്ത് വലിയ വാഹനങ്ങളുടെ അനധികൃത പാര്‍കിങ് തുടര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതാണ് അപകടങ്ങള്‍ തുടരാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഒടുവിലായി ഈ റോഡില്‍ പൊലിഞ്ഞത് മുപ്പത്തിയൊമ്പതുകാരി രശ്മിയുടെ ജീവന്‍. ഭര്‍ത്താവും മകനുമൊത്ത് കാറില്‍ കൊച്ചിയിലേക്ക് വരുമ്പോഴാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ലോറി വില്ലനായി മുന്നിലെത്തിയത്. അരൂര്‍ – കുമ്പളം പാലം പിന്നിട്ട് ടോള്‍ പ്ളാസയിലേക്കെത്തുന്നതിന്  തൊട്ടുമുന്‍പായിരുന്നു അപകടം. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് രശ്മിയെയും ഭര്‍ത്താവിനെയും മകനെയും പുറത്തെടുത്തത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും രശ്മിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അരൂര്‍ – കുമ്പളം പാലം പിന്നിട്ടെത്തുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് ചെറിയ വളവിനപ്പുറം റോഡരികില്‍ പാര്‍ക് ചെയ്ത വലിയ വാഹനങ്ങള്‍ പെട്ടെന്ന് കണ്ട് അപകടമുണ്ടാകാനുള്ള സാധ്യത വിലയിരുത്താന്‍ കഴിയാറില്ല. 

മുന്‍പും ഇതേ കാരണത്താല്‍ ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്. 2023 ഫെബ്രുവരിയില്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് പ്രവാസി മലയാളിയായ കെ.ജി. ജോർജ് മരിച്ചതോടെയാണ് ദേശീയപാതയോരത്ത് കുമ്പളത്ത് പാര്‍ക്കിങ് നിരോധിച്ചത് . പക്ഷെ പിന്നീടിങ്ങോട്ട് അനധികൃത പാര്‍കിങ്ങിനെതിരെ നടപടിയെടുക്കുന്നതില്‍ വീണ്ടും വീഴ്ചയുണ്ടായി. അപകടമുണ്ടായ ദേശീയപാതയില്‍‍ ഒരു കിലോമീറ്റര്‍‍ ദൈര്‍ഘ്യത്തില്‍ ഇരുവശത്തുമായി ധാരാളം ലോറികള്‍‍ ദിവസവും അനധികൃതമായി പാര്‍ക് ചെയ്യുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നടക്കമുള്ള വലിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യജീവന്‍ ഇനിയും വഴിയില്‍ പൊലിയും.

ENGLISH SUMMARY:

Young woman lost her life due to illegal parking in Kochi Kumbalam