കേരള കോണ്‍ഗ്രസിന് ഇന്ന് 60 വയസ്. 19 പിളര്‍പ്പുകളും 8 ലയനങ്ങളും കടന്ന് ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് 9 കേരള കോണ്‍ഗ്രസുകള്‍. പിളരും തോറും വളരുമെന്ന് കെ.എം.മാണി പറഞ്ഞ കേരള കോണ്‍ഗ്രസ് ഇന്ന് യുവാക്കളെ ആകര്‍ഷിക്കാനാവാതെ തളരുന്ന സ്ഥിതിയിലാണ്. എങ്കിലും മുന്നണിയേതായാലും ഒരു കേരള കോണ്‍ഗ്രസെങ്കിലും വേണമെന്നത് ഒരു രാഷ്ട്രീയ സത്യമായി തുടരുന്നു.
പി.ടി. ചാക്കോയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ വികാരപരമായ പൊട്ടിത്തെറിയിൽ നിന്നായിരുന്നു 1964ൽ കേരള കോൺഗ്രസിന്‍റെ പിറവി. ഈ തിരുനക്കര മൈതാനത്ത് മന്നത്തു പത്മനാഭൻ കേരള കോൺഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോൺഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.
പീച്ചി സംഭവത്തിന് പിന്നാലെയുള്ള രാഷ്ട്രീയ കൊടുങ്കാറ്റിന്‍റെ കാലത്ത് ചാക്കോയോട് കോണ്‍ഗ്രസ് കാട്ടിയത് അനീതിയെന്ന് അന്ന് ഒരു വിഭാഗം ഉറച്ചു വിശ്വസിച്ചു. കെ.എം. ജോർജിന്‍റെ നേതൃത്വത്തിൽ 15 എംഎൽഎമാർ കോൺഗ്രസ് വിട്ടു. കോൺഗ്രസ് വിരുദ്ധതയായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ ആദ്യകാല മുഖമുദ്ര. അതേ പാർട്ടി നാലു ദശകങ്ങളോളം കോൺഗ്രസിനൊപ്പമായിരുന്നു എന്നതു മറ്റൊരു വൈരുധ്യം. രൂപീകൃതമായപ്പോള്‍ മുതലിങ്ങോട്ട് പിളര്‍പ്പുകള്‍ക്കും കൂടിച്ചേരലുകള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും വേദിയായി പാര്‍ട്ടി. ആദ്യം ജെ.എ ചാക്കോ, 77 ല്‍ ആര്‍. ബാലകൃഷ്ണപിള്ള, 89ൽ പി.ജെ. ജോസഫ് , തൊണ്ണൂറുകളുടെ തുടക്കത്തിൽ ടി.എം. ജേക്കബ്. പിളർപ്പുകൾ പിന്നെയും തുടർന്നു. പി.സി.തോമസ്, സ്കറിയാതോസ്, പി.സി. ജോർജ്, ടി.എസ്. ജോൺ, പട്ടിക ഇങ്ങനെ നീളുന്നു...
കേരള കോൺഗ്രസിന്റെ ആകാശത്ത് കെ.എം.മാണി എന്ന താരം ഉദിച്ചുയർന്നത് 1965ൽ ആണ്. മണ്ണില്‍ മല്ലിടുന്ന, പ്രതിസന്ധികളില്‍ റബ്ബറിന്‍റെ മെയ് വഴക്കം കാണിക്കുന്ന, പാലായുടെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമുള്ള രാഷട്രീയ സൃഷ്ടിയായിരുന്നു കെ.എം.മാണി. പാർട്ടിയെ കേരള രാഷ്ട്രീയത്തിന്റെ താക്കോൽസ്ഥാനത്തു തന്നെ എക്കാലത്തും മാണി സാര്‍ നിലനിർത്തി.
എണ്ണമറ്റ പിളര്‍പ്പുകള്‍ക്കൊടുവില്‍ പി.ടി ചാക്കോയുടെയും കെ.എം ജോര്‍ജിന്റെയും മക്കള്‍ പി.ജെ ജോസഫിനൊപ്പമായി. പാര്‍ട്ടിയിലെ പിളര്‍പ്പുകളുടെ മനോവിഷമത്തിലായിരുന്നു പിതാവ് kz.എം ജോര്‍ജിന്റെ മരണമെന്ന് മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറയുന്നു.
ശക്തിയുളള കേരള കോണ്‍ഗ്രസ് ഏതെന്ന ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ഏറ്റുമുട്ടുന്നത് അവസാനം കണ്ടത് ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ്. പതിവ് തെറ്റിക്കാതെ ഈ തിരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടി പിളര്‍ന്നു.