തിരുവമ്പാടി ബസ് അപകടത്തിന്‍റെ കാരണം ഡ്രൈവറുടെ അശ്രദ്ധയാകാമെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ കൃത്യമായ കാരണം കണ്ടെത്താനായില്ല. ബസിന്‍റെ ടയറുകള്‍ക്ക് തകരാറില്ല. ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കും. വിശദമായ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി.
അതേസമയം, കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. 26 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിയോട് റിപ്പോർട്ട് തേടി.
ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ബസ്സിനുള്ളിൽ അകപ്പെട്ട യാത്രക്കാരെ ഏറെ സാഹസികമായാണ് നാട്ടുകാർ പുറത്തെടുത്തത്.
കണ്ടപ്പംചാൽ സ്വദേശി കമല വാസു, ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു എന്നിവരാണ് മരിച്ചത്. 26 പേർക്ക് പരുക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.