നടി പ്രയാഗ വളരെ നല്ല കുട്ടിയാണെന്ന് അച്ഛൻ മാർട്ടിൻ പീറ്റർ മനോരമ ന്യൂസിനോട്. ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലിൽ പ്രയാഗ എത്തിയിരുന്നു. സുഹൃത്തുക്കളെ കാണാനാണ് പോയതെന്നും പ്രയാഗ നിരപരാധിയെന്നും ആൾക്കൂട്ടത്തിൽ മോശക്കാരനായ ഒരാളുണ്ടെന്ന് എങ്ങനെ അറിയാനാണെന്നും പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും അച്ഛന്‍ പറഞ്ഞു.
അതേസമയം, ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ കൂടുതൽ പരിശോധന നടത്തി പോലീസ്. മരടിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ഓം പ്രകാശ് താമസിച്ചിരുന്ന മുറിയിൽ എത്തിയാണ് ഫോറൻസിക് സംഘം പരിശോധന നടത്തിയത്. കേസിൽ ചലച്ചിത്ര താരങ്ങൾ ആയ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും. ഇവർക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരെയും ഹോട്ടലിൽ എത്തിച്ച ബിനു ജോസഫിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
ഓം പ്രകാശ് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കാൻ ആണ് ഇരുവരും എത്തിയത്. സിനിമ താരങ്ങൾ ഉൾപ്പടെ ഇരുപതോളം പേർ ഹോട്ടൽ മുറിയിൽ എത്തിയതായി ആണ് വിവരം. അതേസമയം സമൂഹ മാധ്യമത്തിൽ പരിഹാസം നിറഞ്ഞ പോസ്റ്റുമായി പ്രയാഗ മാർട്ടിൻ രംഗത്തെത്തി. ലഹരി മാഫിയ സംഘങ്ങളുമായുള്ള ബന്ധം ചർച്ചയായി നിൽക്കുന്ന സമയത്താണ് നടിയുടെ പോസ്റ്റ്.