മുഖ്യമന്ത്രി – ഗവര്‍ണര്‍ പോരിനിടെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ നിലപാട് മയപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ രാജ്ഭവനിലേക്ക്  വരരുതെന്നു  മാത്രമാണ് ഗവര്‍ണര്‍ പറഞ്ഞത് എന്ന് രാജ്ഭവന്‍ വിശദീകരിച്ചു. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ സിപിഎം ഗവര്‍ണറെ വെല്ലുവിളിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ചീഫ് സെക്രട്ടറിയും ഡിജിപും ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍ 24 മണിക്കൂറിനകം മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ വരാവൂ എന്നാണ് പറഞ്ഞതെന്നും രാജ്ഭവനില്‍ കയറ്റില്ല എന്ന് പറഞ്ഞിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു. സ്വകാര്യസന്ദര്‍ശനത്തിന് ഏതു സമയത്തും വരാമെന്നു ഗവര്‍ണര്‍ നിലപാട് തിരുത്തി. എന്നാല്‍ ഗവര്‍ണര്‍ ക്ഷണിച്ചിട്ട് ഇരുവരും വരാത്തതില്‍ നടപടി സാധ്യമാണോ എന്നും രാജ്ഭവന്‍ പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതാന്‍ ഗവര്‍ണര്‍  ഒരുങ്ങുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിടില്ലെന്ന് ഉറപ്പായതോടെ സര്‍ക്കാരിനെ പിരിച്ചുവിടാനാണ് സിപിഎമ്മിന്‍റെ വെല്ലുവിളി. 

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനാണെന്നും ഗവര്‍ണറുമായി ഒരു കാലത്തും സന്ധിചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണര്‍ നിലവാരം താഴ്ന്ന് ബിജെപിയുടെ പെട്ടിയെടുപ്പുകാരനായി മാറി. ആരിഫ് മുഹമ്മദ് ഖാന്റേത് തറ വേലയാണെന്നും സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ തുടങ്ങിയിട്ട് കുറെ കാലമായെന്നും എം.വി.ജയരാജന്‍. 

എം ശിവങ്കറിന്‍റെ സ്വര്‍ണക്കടത്ത് ബന്ധം ഉള്‍പ്പടെ ഗവര്‍ണര്‍ ഉയര്‍ത്തുമ്പോള്‍  മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പരസ്യ മറുപടി ഉണ്ടാകുമോയെന്നാണ്  ഇനി അറിയേണ്ടത്.