ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി ആരോപണം. നഴ്സിങ് വിദ്യാർഥിനിയായ 19കാരിയുടെ മുടിയാണ് മുറിച്ചെടുത്തത്. പ്രദേശത്തെ ചിരിക്കുടുക്ക ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച വിജയദശമി പരിപാടിക്കിടെയാണ് സംഭവം. വേദിയില്‍ കുട്ടികളുടെ നൃത്തം നടക്കുന്നതിനിടയിലാണ് സംഭവം.
സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് മുടി മുറിച്ചതെന്ന് സംശയമുണ്ട്. കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് ഇയാള്‍ ബഹളം വച്ചതോടെ മാറിനില്‍ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. ഇയാൾ അവിടെ നിന്ന് പോയതിനു ശേഷമാണ് മുടി മുറിച്ചതായി പെണ്‍കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്.
മാതാപിതാക്കളോടൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തി പെണ്‍കുട്ടി മൊഴി നല്‍കി. മുടി മുറിച്ചയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.