റിലീസിന് പിന്നാലെ സിനിമയുടെ വ്യാജന്‍മാരെ ഓണ്‍ലൈനില്‍ എത്തിച്ചിരുന്ന പ്രതികള്‍ ഐടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെന്ന് പൊലീസ്. തമിഴ് റോക്കേഴ്സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ വ്യാജ പതിപ്പുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചതെന്നും പൊലീസ് പറയുന്നു. onetmailmv എന്ന വെബ്സൈറ്റാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. വ്യാജപതിപ്പുകളുടെ നിര്‍മാണത്തിന് തിയറ്ററുകളുടെ സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സിനിമയുടെ വ്യാജന്‍മാര്‍ പ്രചരിക്കുന്നതിന് പിന്നില്‍ 'ക്വട്ടേഷന്‍' ആണോയെന്ന സംശയവും പൊലീസ് ഉയര്‍ത്തിയിരുന്നു. Also Read: പുത്തന്‍ സിനിമകളുടെ വ്യാജന്‍ പ്രചരിപ്പിച്ചത് ക്വട്ടേഷന്‍? വിശദപരിശോധന
അതേസമയം, പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ പിടിയിലായ പ്രതികള്‍ സിനിമകള്‍ പകര്‍ത്തിയത് ദക്ഷിണേന്ത്യന്‍ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണം ഒഴിവാക്കുന്നതിനായി പ്രതികള്‍ പതിവ് രീതിയല്ല ടിക്കറ്റ് ബുക്കിങിന് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. വ്യാജപകര്‍പ്പെടുക്കുന്നതിനായി തിയറ്ററിലെത്തുമ്പോള്‍ ' ഓഫര്‍ വൗച്ചറുകള്‍' വഴിയാണ് സംഘം ടിക്കറ്റുകള്‍ ബുക്ക് ചെയ്തുവന്നത്.
മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ മധ്യഭാഗത്തെ സീറ്റുകളാണ് പ്രതികള്‍ പതിവായി ബുക്ക് ചെയ്തിരുന്നതെന്നും മൊബൈല്‍ഫോണുകള്‍ പോക്കറ്റിട്ടാണ് സിനിമ പകര്‍ത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കി. കുത്തനെയുള്ള സീറ്റുകളായതിനാല്‍ ചിത്രീകരണം തടസപ്പെടില്ലെന്നും പ്രതികള്‍ തുറന്നുപറയുന്നു. വ്യാജ പതിപ്പുകളെ കുറിച്ച് പൊലീസ് അന്വേഷിക്കുമ്പോള്‍ യഥാര്‍ഥ പ്രതികളിലേക്ക് എത്തിപ്പെടാതിരുന്നതിന്‍റെ കാരണവും നൂതന സാങ്കേതിക വിദ്യകളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സാധാരണരീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വ്യക്തികളുടെ ഫോണ്‍നമ്പറുകള്‍ നല്‍കിയും പേമെന്‍റ് യുപിഐ ഇടപാടുകള്‍ നടത്തിയുമാണ്. എന്നാല്‍ ഓഫര്‍ വൗച്ചറുകള്‍ വഴിയാകുമ്പോള്‍ യുപിഐ പേയ്മെന്‍റുകളുടെ ആവശ്യവും ഉണ്ടായിരുന്നില്ല. ഇതാണ് പ്രതികള്‍ മുതലെടുത്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. കശ്മീര്‍ സ്വദേശിയുടെ പേരിലുള്ള ഫോണ്‍ നമ്പറാണ് ഇന്നലെ പിടിയിലായവര്‍ ഉപയോഗിച്ചിരുന്നത്. പണം നല്‍കിയും പ്രതികള്‍ വ്യാജപതിപ്പ് വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.