മുന്‍ ഭാര്യയെയും മകളെയും സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ബാലയെ  കോടതിയില്‍ ഹാജരാക്കി.  കേസെടുത്തത് പരാതിക്കാരിയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ചാണെന്നും പരാതിക്കാരിയെയോ മകളെയോ പിന്തുടര്‍ന്നിട്ടില്ലെന്നും ബാല കോടതിയില്‍ വാദിച്ചു. ബാലയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു. 

Read Also: മുന്‍ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് പുലര്‍ച്ചെ

മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയെ കൊച്ചിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. തന്‍റെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്ന് നടന്‍ ബാല മാധ്യമങ്ങളോടു പ്രതികരിച്ചു. ഇനി വെറുതെയിരിക്കില്ലെന്നും കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം കൊടുക്കുമെന്നും ബാല

ബാലയില്‍ നിന്ന് തനിക്കും അമ്മയ്ക്കും നേരെയുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ച്  കഴിഞ്ഞ ദിവസം മകള്‍ സമൂഹാമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു. ബാലയെ കാണാനോ സംസാരിക്കാനോ താത്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ബാലയും ഇതിന് മറുപടി നല്‍കി. ഇതേ തുടര്‍ന്ന് ബാലയും മുന്‍ ഭാര്യയും തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് അറസ്റ്റ്. പുലര്‍ച്ചെ അഞ്ച് മണിയോടെ പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് ബാലയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ ബാല നീതി നിയമപ്രകാരവുമാണ്  കേസ്. കേസ് കെട്ടിചമച്ചതെന്നാണ് ബാലയുടെ ആരോപണം.

വിവാഹമോചനം നേടിയ ശേഷവും ബാല പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും പരാതിയിലുണ്ട്. മകളുടെ സമൂഹമാധ്യമങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് പെയ്ഡ് ഓണ്‍ലൈന്‍ ചാനലുകള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, ഫൗണ്ടര്‍ ഫിലിം ഫാക്ടറി പ്രതിനിധി അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇവര്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

അതേസമയം , പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് ബാലയുടെ അഭിഭാഷക പ്രതികരിച്ചു. കേസ് റദ്ദാക്കാന്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

ENGLISH SUMMARY:

Actor Bala arrested on ex-wife Amrutha Suresh’s complaint, to move HC to quash case