പഴയകാല നാടക– സിനിമ ഗായിക മച്ചാട്ട് വാസന്തിക്ക് അന്ത്യാഞ്ജലി. സംസ്കാരം കോഴിക്കോട് മാനാരി ശ്മശാനത്തില്‍ നടന്നു. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു വാസന്തിയുടെ അന്ത്യം. അപകടത്തെത്തുടര്‍ന്ന് ഏറെകാലമായി ശാരീരിക ബുദ്ധിമുട്ടിലായിരുന്നു.രാവിലെ പത്തുമണിയോടെ ഫറോക്ക് കോളജിന് സമീപമുള്ള വസതിയില്‍ നിന്ന് ഭൗതികശരീരം പൊതുദര്‍ശനത്തിനായി കോഴിക്കോട് ടൗണ്‍ഹാളില്‍എത്തിച്ചു
നാടകത്തിലും സിനിമയിലും ആകാശവാണിയിലുമൊക്കെയായി പതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. നാടകങ്ങളിലും സിനിമയിലും അഭിനയിച്ചു.. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവനിലാണ് ഏറ്റവും ഒടുവില്‍ പാടിയത്. മലയാളിക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് പാട്ടുകള്‍ ബാക്കിവച്ചാണ് അതുല്യഗായികയുടെ വിടവാങ്ങല്‍