assembly-sabha

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം വൈകുന്നതിനെതിരെ നിയമസഭയിൽ ഒന്നിച്ച് ഭരണ- പ്രതിപക്ഷം. ധനസഹായം അടിയന്തരമായി അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുവന്ന  പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. വയനാട് പുനരധിവാസം കാലതാമസം ഇല്ലാതെ നടത്തണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരന്തത്തിൽ സർക്കാരിന് ഒപ്പം നിന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി പ്രശംസിച്ചു. വഖഫ് ഭേദഗതി ബിൽ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന പ്രമേയവും സഭ ഒറ്റ സ്വരത്തിൽ പാസ്സാക്കി.  

 

വയനാടിന്റെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ സഹായം വൈകുന്നതിലുള്ള പ്രതിഷേധം ഭരണപക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പ്രകടിപ്പിച്ചു.  പ്രധാനമന്ത്രി കേരളത്തിൽ വന്നുപോയത് ഫോട്ടോ ഷൂട്ട് നടത്താൻ ആണോ എന്നാണ് അടിയന്തര  പ്രമേയം അവതരിപ്പിച്ച ടി സിദ്ധിഖ് ചോദിച്ചത്. കേന്ദ്രം നയാ പൈസ തന്നില്ലെന്ന് കെ കെ ശൈലജ കുറ്റപ്പെടുത്തി.കേന്ദ്രത്തിനുമേൽ കൂടുതൽ സമ്മർദം സംസ്ഥാനം ചെലുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തിരച്ചിലിന്‍റെ കാര്യത്തിലടക്കം ഉണ്ടായിട്ടുള്ള വീഴ്ചകളും പ്രതിപക്ഷനേതാവ് സർക്കാരിനെ ഓർമ്മിപ്പിച്ചു.

 ഇനിയും തിരച്ചിൽ നടത്താൻ തടസ്സമില്ലെന്ന് മന്ത്രി കെ രാജന്റെ മറുപടി. കാലതാമസം ഇല്ലാതെ പുനരധിവാസം ഉറപ്പാക്കും എന്ന് മുഖ്യമന്ത്രി. കേന്ദ്ര സഹായം കിട്ടുമെന്ന ശുഭപ്രതീക്ഷ ഉണ്ട്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് പിന്നാലെ കേന്ദ്രസർക്കാർ സഹായം വൈകുന്നതിൽ മന്ത്രി എം ബി രാജേഷ് പ്രത്യേക പ്രമേയം അവതരിപ്പിച്ചു.  പ്രമേയം സഭാ ഐക്യകണ്ഠേന പാസാക്കി. തൊട്ടുപിന്നാലെ വഖഫ് ഭേദഗതി നിയമം കേന്ദ്രസർക്കാർ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി അബ്ദു റഹ്മാൻ അവതരിപ്പിച്ചു. ബിൽ ഭരണഘടന മൂല്യങ്ങൾക്ക് എതിരാണ് എന്ന് പ്രമേയത്തിൽ പറയുന്നു. ഏതാനും ഭേദഗതികളോടെ ഈ പ്രമേയവും ഐക്യകണ്ഠേന സഭ പാസാക്കി.