ഉരുൾപൊട്ടി 76 ദിവസം പിന്നിട്ടിട്ടും കോഴിക്കോട് വിലങ്ങാടിനായി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ ഇനിയും നടപ്പായിട്ടില്ല. വീട് നഷ്ടപ്പെട്ടവർക്ക് എല്ലാ മാസവും വാടക നൽകുമെന്ന സർക്കാരിന്റെ ഉറപ്പും പാഴായി. വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്റവും, പഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതും പുനരധിവാസത്തെ കാര്യമായി ബാധിച്ചു.
ജീവൻ ബാക്കി കിട്ടിയെന്നേയുള്ളൂ. നഷ്ട കണക്ക് ഏറെയാണ് ഇവർക്ക്. വീടുകൾ പൂർണ്ണമായും ഭാഗികമായും ഇല്ലാതായവർ ഒട്ടേറെയുണ്ട്. നഷ്ടപ്പെട്ട എല്ലാ രേഖകളും പുനർനിർമിച്ച് നൽകുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. എന്നാൽ വിലങ്ങാട് ദുരിതബാധിതർ ഇപ്പോഴും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. വാടക കൊടുക്കാൻ കഴിയാത്തതിനാൽ പലരും ഇപ്പോഴും ബന്ധുവീടുകളിലാണ്.
പുനരധിവാസ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചു എന്ന പരാതിയെ തുടർന്നാണ് ചീഫ് സെക്രട്ടറി വിലങ്ങാട് സന്ദർശിച്ചത്. അവലോകന യോഗത്തിൽ വാണിമേൽ പഞ്ചായത്തിൽ ഒഴിഞ്ഞു കിടക്കുന്ന സെക്രട്ടറിയുടെ തസ്തിക നികത്തണമെന്ന് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.