കോഴിക്കോട് എടച്ചേരിയിൽ ഡിവൈഎഫ്ഐയുടെ നേതാക്കളുടെ കൊലവിളി പ്രസംഗത്തിൽ ഒടുവിൽ കേസ് എടുത്ത് പൊലീസ്. കൊലവിളി പ്രസംഗം നടത്തിയ മൂന്ന് ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെയാണ് എടച്ചേരി പൊലീസ് കേസ് എടുത്തത്. എടച്ചേരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി നിജേഷിന്‍റെ പരാതിയിൽ കേസ് എടുക്കാതിരുന്ന പൊലീസ് നടപടി വിവാദമായിരുന്നു.
ഈ കൊലവിളി പ്രസംഗം എടച്ചേരി പൊലീസിന് കേസാക്കാൻ ആദ്യം തോന്നിയില്ല. പ്രസംഗം വെച്ച് കേസാക്കാൻ കഴിയില്ലെന്നും കോടതിയെ സമീപിക്കാമെന്നും പരാതിക്കാരനായ കോൺഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷിന് പൊലീസിന്‍റെ ഉപദേശം, ഉപദേശം വാർത്തയായി. പൊലീസ് നിലപാട് മാറ്റി, ഇന്ന് രാവിലെ നിജേഷിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം ഡി വൈ എഫ് ഐ നേതാക്കളായ ഇ എം കിരൺ ലാൽ, എൻ കെ മിഥുൻ, മിഥുൻ രാജ് എന്നിവർക്കെതിരെ കേസ് എടുത്തു. മൂന്ന് വകുപ്പുകളിലായി വിരോധത്തിന്‍റെ ഭാഗമായി സംഘം ചേർന്ന് ഭീഷണി മുഴക്കിയതിനടക്കമാണ് കേസ് എടുത്തിരിക്കുന്നത്
സ്വാശ്രയ കോളേജിനെതിരെ ഡി വൈ എഫ് ഐ നടത്തിയ സമരം തട്ടിപ്പാണെന്ന് പറഞ്ഞു സമൂഹമാധ്യമങ്ങളിൽ നിജേഷ് പങ്കുവെച്ച പോസ്റ്റിനെതിരെയാണ് കഴിഞ്ഞ മാസം 29 ന് ഡി വൈ എഫ് ഐ നേതാക്കൾ നിജേഷിന്‍റെ വീടിന്‍റെ മുന്നിൽ വെച്ച് കൊലവിളി പ്രസംഗം നടത്തുന്നത്. അതിൽ കേസ് എടുക്കാതിരുന്ന പൊലീസ് പോസ്റ്റ് ഷെയർ ചെയ്തതിന് നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസും എടുത്തിരുന്നു