അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നിന്നും വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുന്ന വിദ്യാവാഹിനി പദ്ധതി പ്രതിസന്ധിയില്‍. സാമ്പത്തിക ഞെരുക്കം കാരണം നാല് മാസത്തിലേറെയായി വാഹനത്തിന്‍റെ വാടക നല്‍കാന്‍ കഴിയുന്നില്ല. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വാഹനങ്ങളുടെ ഓട്ടം നിര്‍ത്തേണ്ടി വരുമെന്ന് ഡ്രൈവര്‍മാര്‍.
വണ്ടി ഉരുളണമെങ്കില്‍ ഇന്ധനം വേണം. വളയം പിടിക്കുന്നയാളിന്റെ കീശ ചോരാതെയുമാവണം. വഴിയില്ലാത്തുരുത്തുകളില്‍ നിന്നും ദിവസേന കുരുന്നുകളെ സ്കൂളിലെത്തിക്കുന്ന പലരും കടംകയറി പ്രതിസന്ധിയിലായ സ്ഥിതിയാണ്. സാമ്പത്തിക ഞെരുക്കമെന്ന് പറഞ്ഞ് കയ്യൊഴിയാതെ വാടക നല്‍കി പ്രതിസന്ധി പരിഹരിക്കണമെന്നാണ് കരാറെടുത്തിരിക്കുന്ന ജീപ്പ് ഡ്രൈവര്‍മാരുടയും രക്ഷിതാക്കളുടെയും ആവശ്യം.
വാഹനം ഓടിക്കുന്നവര്‍ അത് നിര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഇത് അട്ടപ്പാടിയിലെ സാധാരണക്കാരായ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. ആരാണോ ബന്ധപ്പെട്ട അധികാരികള്‍, അവര്‍ കൃത്യമായി ഇടപെട്ട് ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാണ് ആവശ്യപ്പെടാനുള്ളത്.
അട്ടപ്പാടിയിലെ ഭൂരിഭാഗം ഊരുകളില്‍ നിന്നും വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് വിദ്യാവാഹിനിയാണ്. വിഹിതം നിലച്ച് പദ്ധതി പ്രതിസന്ധിയിലായാല്‍ ആദിവാസി ഊരുകളില്‍ നിന്നും കുട്ടികള്‍ സ്കൂളിലേക്ക് വരാതാവും. അവരുടെ പഠനം പ്രതിസന്ധിയിലാവുന്ന സ്ഥിതിയെത്തും. താല്‍ക്കാലിക പ്രതിസന്ധിയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തടസം നീങ്ങുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.