• നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം
  • സഹോദരന്‍ പ്രവീണ്‍ ബാബു കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി
  • പി.പി. ദിവ്യയ്ക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നും ആവശ്യം

കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് നവീനിന്‍റെ സഹോദരന്‍ പ്രവീണ്‍ ബാബു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവീണ്‍ ബാബു കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി. Also Read: ‘നവീന്‍റെ പാര്‍ട്ടി കുടുംബം, വേര്‍പാടില്‍ ദുംഖം, മരണം ഗൗരവമായി കാണുന്നു’; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

അതേസമയം, എ.ഡി.എം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ മൗനം തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ. വിളിക്കാത്ത ചടങ്ങില്‍ കയറിച്ചെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കാന്‍ കാണിച്ച ധൈര്യം, എ.ഡി.എമ്മിന്‍റെ മരണം വിവാദമായതോടെ ദിവ്യയില്‍ ചോര്‍ന്നുപോയി. ദിവ്യക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബി.ജെ.പി അഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ഇക്കാണിച്ച ധൈര്യം എങ്ങോട്ടുപോയി. പറഞ്ഞതിലും ചെയ്തതിലും ഉറച്ചുനില്‍ക്കുന്നുണ്ടോ പി.പി ദിവ്യ. ചോദ്യങ്ങള്‍ നിരവധിയുണ്ട് ദിവ്യയോട്. പക്ഷേ, ദിവ്യക്ക് ഇന്നലെ മുതല്‍ മൗനം മാത്രം. പാര്‍ട്ടി വിശദീകരിച്ചെന്നും തനിക്കൊന്നും പറയാനില്ലെന്നും മാത്രം മറുപടി പറഞ്ഞ് തടിയൂരുകയാണ് ജില്ലാ പഞ്ചായത്ത് പ്രസി‍‍ഡന്‍റ്. ദിവ്യയെ പൂര്‍ണമായും തള്ളിപ്പറയാതെയുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ മൃദുനിലപാട് സൂചിപ്പിക്കുന്നതും പാര്‍ട്ടി ദിവ്യയെന്ന ജില്ലാ കമ്മിറ്റിയംഗത്തോടൊപ്പമെന്നാണ്. 

ഇതിനിടെയാണ് ഇന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ബിജെപി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. പതിനൊന്ന് മണിയോടെ ചെറുകുന്നിലെ പി.പി ദിവ്യയുടെ വീട്ടിലേക്കും ബിജെപി പ്രതിഷേധ പ്രകടനം നടത്തും.  കോണ്‍ഗ്രസിന്‍റെ സത്യാഗ്രഹവും മുസ്ലിം ലീഗിന്‍റെ ജനീകയ കൂട്ടായ്മയും ഇന്ന് കലക്ട്രേറ്റിന് മുന്‍പിലുണ്ട്. അതിനിടെ ദിവ്യ മൗനം വെടിയുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ENGLISH SUMMARY:

ADM Naveen Babu's brother filed complaint against PP Divya and Prashanth