pp-divya-case

അഴിമതിക്കെതിരെ സദുദ്ദേശ്യ വിമര്‍ശനമാണ് നടത്തിയതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ. ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നു. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ. പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും ദിവ്യ. 

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പി.പി.ദിവ്യയ്ക്കെതിരെ സി.പി.എം നടപടിയെടുത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. കെ.കെ.രത്നകുമാരി പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ടൗണ്‍ പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ടതോടെ ദിവ്യ രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അസ്വാഭാവിക മരണമെന്ന നേരത്തെയെടുത്ത എഫ്ഐആറിലേക്കാണ് പി. പി ദിവ്യയെ ഇന്ന് പൊലീസ് പ്രതിചേര്‍ത്തത്. മൃതദേഹം ഏറ്റുവാങ്ങാന്‍ പത്തനംതിട്ടയില്‍ നിന്ന് നവീന്‍ ബാബുവിന്‍റെ ബന്ധുക്കളെത്തിയപ്പോള്‍ നല്‍കിയ പരാതിയിലാണ് ഒടുവില്‍ നടപടി. 

 

ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ ദിവ്യ കേസില്‍ പ്രതിയായത്. ഇന്ന് പത്തനംതിട്ടയിലെത്തി കണ്ണൂര്‍ പൊലീസ് ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ്.  പരാതി കിട്ടിയത് മുതല്‍ അന്വേഷണം നടക്കുന്നുവെന്ന് മാത്രമായിരുന്നു പൊലീസ് മറുപടി. ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തുവന്നിരുന്നു.