TOPICS COVERED

എടത്വ പോച്ചയില്‍ പാടത്ത് പൊട്ടിക്കി‌ടന്ന വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു. എടത്വ മരിയാപുരം സ്വദേശി ബെന്നി ജോസഫാണ് മരിച്ചത്. വൈദ്യുതി ലൈന്‍ പൊട്ടിക്കിടന്നത് അറിയിച്ചിട്ടും കെഎസ്ഇബി അധികൃതര്‍ നടപടിയെടുക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് പോച്ച ദേവസ്വം തുരുത്ത് പാടത്ത് വൈദ്യുതിക്കമ്പി പൊട്ടിവീണത്. ഇതറിയാതെ പാടത്ത് പുഞ്ചക്കൃഷിക്കെത്തിയ ബെന്നി വൈദ്യുതി ലൈനില്‍ ചവിട്ടുകയായിരുന്നു. സ്ഥലത്തെത്തിയ മറ്റ് കര്‍ഷകരും നാട്ടുകാരുമാണ് ബെന്നിയെ പാടത്ത് ഷോക്കേറ്റ നിലയില്‍ കണ്ടത്. ഉടന്‍ പച്ചയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി ലൈന്‍ പൊട്ടിയ ഉടന്‍ തന്നെ കെഎസ്ഇബിയില്‍ അറിയിച്ചിട്ടും അധികൃതര്‍ സ്ഥലത്തെത്താനോ വൈദ്യുതിബന്ധം വിഛേദിക്കാനോ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ ബെന്നി ഷോക്കേറ്റ് പാടത്ത് വീണ് കിടക്കുമ്പോഴാണ് കെഎസ്ഇബി അധികൃതര്‍ എത്തിയതെന്നും നാട്ടുകാര്‍.

മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീയപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Farmer electrified from broken kseb line died in Alappuzha